---
title: "'ഞാൻ വിശ്വസിക്കുന്നില്ല, പക്ഷേ എന്റെ അമ്മ വിശ്വസിച്ചിരുന്നു'; വിദ്വേഷ പ്രചാരകർക്ക് ചുട്ടമറുപടി നൽകി പ്രകാശ് രാജ്"
english_title: "'I don't believe it, but my mother did'; Prakash Raj hits back at hate campaigners"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351369/i-dont-believe-it-but-my-mother-did-prakash-raj-hits-back-at-hate-campaigners"
published_at: "2026-04-03T16:12:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf9a8932ea9_Prakash_Raj_hits_back_at_hate_campaigners.jpg"
keywords: []
---

# 'ഞാൻ വിശ്വസിക്കുന്നില്ല, പക്ഷേ എന്റെ അമ്മ വിശ്വസിച്ചിരുന്നു'; വിദ്വേഷ പ്രചാരകർക്ക് ചുട്ടമറുപടി നൽകി പ്രകാശ് രാജ്

> **Lead Summary:** അന്തരിച്ച മാതാവിന്റെ സംസ്‌കാര ചടങ്ങുകളെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയുമായി നടൻ പ്രകാശ് രാജ്. നിരീശ്വരവാദിയായ പ്രകാശ് രാജ് അമ്മയുടെ ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകളിൽ പങ്കെടുത്തത് ഇരട്ടത്താപ്പാണെന്ന തരത്തിലുള്ള അധിക്ഷേപങ്ങൾക്കാണ് താരം മറുപടി നൽകിയത്.

## Article Content

അന്തരിച്ച മാതാവിന്റെ സംസ്‌കാര ചടങ്ങുകളെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയുമായി നടൻ പ്രകാശ് രാജ്. നിരീശ്വരവാദിയായ പ്രകാശ് രാജ് അമ്മയുടെ ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകളിൽ പങ്കെടുത്തത് ഇരട്ടത്താപ്പാണെന്ന തരത്തിലുള്ള അധിക്ഷേപങ്ങൾക്കാണ് താരം മറുപടി നൽകിയത്.

കഴിഞ്ഞ ദിവസമാണ് പ്രകാശ് രാജിന്റെ മാതാവ് സുവർണ്ണലത (86) അന്തരിച്ചത്. തീവ്രമായ ക്രിസ്തുമത വിശ്വാസിയായിരുന്ന അമ്മയുടെ ആഗ്രഹപ്രകാരം പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് താരത്തിന്റെ രാഷ്ട്രീയ-സാമൂഹിക നിലപാടുകളെയും വിശ്വാസത്തെയും ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്തെത്തിയത്. തന്റെ അമ്മയുടെ വിശ്വാസത്തെ ബഹുമാനിക്കേണ്ടത് ഒരു മകനെന്ന നിലയിൽ തന്റെ കടമയാണെന്നും അതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ, പ്രകാശ് രാജ് മുമ്പ് നിരീശ്വരവാദത്തെക്കുറിച്ച് സംസാരിക്കുന്ന വിഡിയോകൾ കുത്തിപ്പൊക്കി ഒരു വിഭാഗം ആളുകൾ രംഗത്തെത്തുകയായിരുന്നു. പള്ളിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് താരത്തിന്റെ കാപട്യമാണെന്നായിരുന്നു എക്സിലെ പ്രധാന ആരോപണം.

വിമർശകരുടെ വായടപ്പിക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രതികരണം. ‘അതെ, ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. പക്ഷേ എന്റെ അമ്മ അവരുടെ ദൈവത്തിൽ വിശ്വസിച്ചിരുന്നു. അവരുടെ വിശ്വാസമനുസരിച്ച് സംസ്കരിക്കപ്പെടാനുള്ള അവകാശം നിഷേധിക്കാൻ ഞാൻ ആരാണ്? പരസ്പരം നൽകേണ്ട പ്രാഥമികമായ ബഹുമാനമാണിത്. വിദ്വേഷം പ്രചരിപ്പിക്കുന്ന രാക്ഷസന്മാർക്ക് ഇത് മനസ്സിലാകുമോ? എന്നാണ് പ്രകാശ് രാജ് എക്സിൽ കുറിച്ചത്.

തന്റെ കുടുംബത്തിലെ വ്യത്യസ്തമായ വിശ്വാസങ്ങളെക്കുറിച്ച് മുമ്പും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഭാര്യ ഹിന്ദു വിശ്വാസിയും അമ്മ ക്രിസ്ത്യൻ വിശ്വാസിയുമാണെന്നും മറ്റൊരാളെ ഉപദ്രവിക്കാനോ നിർബന്ധിതമായി മതം മാറ്റാനോ ഉപയോഗിക്കാത്തടത്തോളം കാലം എല്ലാ വിശ്വാസങ്ങളെയും താൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച ബംഗളൂരുവിലെ വസതിയിലായിരുന്നു സുവർണ്ണലതയുടെ അന്ത്യം. വർഷങ്ങൾക്കു മുമ്പ് തലച്ചോറിൽ സിസ്റ്റ് കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം അവർക്ക് ഓർമശക്തി നഷ്ടപ്പെട്ടിരുന്നു. തന്റെ മകനെപ്പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവർ. അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച ആരാധകർക്കും സിനിമാ പ്രവർത്തകർക്കും പ്രകാശ് രാജ് നന്ദി അറിയിച്ചു. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/351369/i-dont-believe-it-but-my-mother-did-prakash-raj-hits-back-at-hate-campaigners)