തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ (സിഇടി) വിദ്യാർത്ഥിയായിരുന്ന ബംഗാൾ സ്വദേശി ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പതിറ്റാണ്ടോളം നിയമത്തെ വെട്ടിച്ച് നടന്ന ഒന്നാം പ്രതി ഒടുവിൽ പിടിയിലായി.
ആൻഡമാൻ നിക്കോബാർ സ്വദേശിയായ ദുർഗ ബഹാദൂർ ഭട്ട് ഛേത്രിയെ (ദീപക്) നാഗ്പുരിൽ നിന്നാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്.
സൂരജ് ബി. ഭട്ട് എന്ന വ്യാജപ്പേരിൽ ആൾമാറാട്ടം നടത്തിയാണ് ഇയാൾ ഇത്രയും കാലം ഒളിവിൽ കഴിഞ്ഞിരുന്നത്. 2005 ഒക്ടോബറിലാണ് കേരളത്തെ നടുക്കിയ ഈ കൊലപാതകം നടന്നത്. ശ്യാമളിന്റെ പിതാവ് ബസുദേവ് മണ്ഡലും കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് അലിയുടെ പിതാവും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.
ആൻഡമാനിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന മുഹമ്മദ് അലി, തന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ദുർഗ ബഹാദൂർ ഭട്ട് ഛേത്രിയുമായി ചേർന്ന് ശ്യാമളിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും, പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന് പ്രതികൾ ശ്യാമളിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി തിരുവല്ലം വെള്ളാർ ഭാഗത്തെ റോഡരികിൽ ഉപേക്ഷിച്ചു.
ഹൈക്കോടതി നിർദ്ദേശപ്രകാരം സിബിഐ ഏറ്റെടുത്ത ഈ കേസിൽ രണ്ടാം പ്രതി മുഹമ്മദ് അലിയെ നേരത്തെ കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. എന്നാൽ അന്വേഷണത്തിന്റെ പ്രാരംഭഘട്ടം മുതൽ ഒളിവിൽ പോയ ദുർഗ ബഹാദൂർ ഭട്ട് ഛേത്രിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.
ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ പ്രതി പിടിയിലായതോടെ കേസിൽ നിർണ്ണായകമായ ഒരു ഘട്ടം കൂടി പൂർത്തിയായിരിക്കുകയാണ്. അറസ്റ്റിലായ പ്രതിയെ എറണാകുളത്തെ സിബിഐ കോടതിയിൽ ഹാജരാക്കും.
The murder of Shyamal Mandal

































.png)