Mar 29, 2026 05:03 PM

തൃശൂർ: ( www.truevisionnews.com ) കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോ‍ഡ് ഷോ. തൃശൂരിലാണ് മോദി റോഡ് ഷോയുമായി പ്രവർത്തകരെ ഇളക്കി മറിക്കുന്നത്. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കുട്ടനെല്ലൂർ ഗവൺമെന്റ് കോളജിലെ ഹെലിപാഡിലിറങ്ങിയ അദ്ദേഹം അവിടെനിന്ന് ഏഴ് കിലോമീറ്റർ ദൂരം കാർ മാർഗമാണ് സ്വരാജ് റൗണ്ടിലേക്ക് എത്തിയത്.

തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർഥികളായ സി സി മുകുന്ദൻ, പത്മജ വേണുഗോപാൽ, കെ കെ അനീഷ് കുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രിയും തൃശൂർ എം പിയുമായ സുരേഷ് ഗോപിയടക്കമുള്ളവരും മോദിയുടെ റോഡ് ഷോയിൽ അണിനിരക്കുകയാണ്. റോഡിനിരുവശത്തും ആയിരക്കണക്കിന് ബി ജെ പി - ആർ എസ് എസ് പ്രവർത്തകർ മോദിയെ കാണാനായെത്തി. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്.

900 മീറ്റർ ദൂരത്തിൽ പലയിടങ്ങളിലായി വിവിധ കലാരൂപങ്ങളുടെ അവതരണങ്ങളാണ് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിക്കായി ഒരുക്കിയത്. രണ്ടരവർഷത്തിനിടയിൽ മൂന്നാം തവണയാണ് പ്രധാനമന്ത്രി തൃശൂരിൽ എത്തിയത്. ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയത്. ഏഴ് എസ്‌പിമാരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഏഴ് പോയിന്റുകളിലായി വിന്യസിച്ചിരിക്കുന്നത്. ജില്ലാ കളക്‌ടറെത്തി പുറത്തെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.

കേന്ദ്ര സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എടുത്ത് പറഞ്ഞും എൽ ഡി എഫിനും യു ഡി എഫിനുമെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് എൻ ഡി എ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്തത് . കേരളത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ എല്ലാം ചെയ്തു എന്നാൽ സംസ്ഥാന സർക്കാർ ഈ പണമെല്ലാം കട്ടുമുടിച്ചു. നിങ്ങൾക്ക് നൽകിയ പണമാണ് കേരള സർക്കാർ കൊള്ളയടിച്ചതെന്നും മോദി പറഞ്ഞു. പാലക്കാടിന് നൽകിയ വികസന പദ്ധതികളെയും മോദി എടുത്തു പറഞ്ഞു. കേന്ദ്രത്തിൽ ബി ജെ പി സർക്കാർ വന്നപ്പോഴാണ് പാലക്കാട് ഐ ഐ ടി വന്നത്.

നാഷണൽ ഹൈവേയുടെ വികസനവും നടന്നു. പാലക്കാട് സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റിയായി മാറിയെന്നും മോദി പറഞ്ഞു. എവിടെ ഇടതുഭരണം ഉണ്ടോ അതെല്ലാം ജനങ്ങൾ ഒഴിവാക്കുകയാണ് ഇപ്പോൾ. ബംഗാളിലും ത്രിപുരയിലും അത് നമ്മൾ കണ്ടതാണ്. അതേ സംഭവം കേരളത്തിലും ആവർത്തിക്കാൻ പോകുന്നു. പെൻഷനും ശമ്പളവും കൃത്യ സമയത്ത് കൊടുക്കുന്നില്ല. ഇതിനെല്ലാം ജനങ്ങൾ മറുപടി നൽകും.

ബി ജെ പി, എൻ ഡി എ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും പാലക്കാട് പൊതുസമ്മേളനത്തിൽ മോദി അഭിപ്രായപ്പെട്ടു. ഡീൽ ആരോപണത്തിലും മോദി പ്രതികരിച്ചു. കമ്മ്യൂണിസ്റ്റുകാർ പറയുന്നു കോൺഗ്രസുകാർ ബി ജെ പിയുടെ ബി ടീം ആണെന്ന്. കോൺഗ്രസുകാരും ഇതേ വിമർശനം ഉന്നയിക്കുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ ബി ജെ പി എ ടീമായി മാറുകയാണ്. രണ്ട് മുന്നണികളും ഭയക്കുന്നത് ബി ജെ പിയെയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.



pm narendra modi arrives in thrissur for nda roadshow kerala assembly polls 2026

Next TV

Top Stories










News Roundup






GCC News