---
title: "'രാത്രി വാതിലില്‍ ഒരു മുട്ട്, വലിയ താടിയും എകെ 47 ഉും ഒക്കെയായി ഒരാള്‍'; യഥാര്‍ഥ 'ധുരന്ധറി'നെ താന്‍ പരിചയപ്പെട്ടിട്ടുണ്ടെന്ന് മേജര്‍ രവി"
english_title: "i had met major mohit sharma the inspiration behind dhurandhar movie for aitya dhar says majo ravi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348816/i-had-met-major-mohit-sharma-the-inspiration-behind-dhurandhar-movie-for-aitya-dhar-says-majo-ravi"
published_at: "2026-03-20T17:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd355829ddb_major_ravi.jpg"
keywords: []
---

# 'രാത്രി വാതിലില്‍ ഒരു മുട്ട്, വലിയ താടിയും എകെ 47 ഉും ഒക്കെയായി ഒരാള്‍'; യഥാര്‍ഥ 'ധുരന്ധറി'നെ താന്‍ പരിചയപ്പെട്ടിട്ടുണ്ടെന്ന് മേജര്‍ രവി

> **Lead Summary:** ധുരന്ധര്‍ സിനിമയ്ക്ക് പ്രചോദനമായ സൈനികനെ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും പരിചയപ്പെട്ടിട്ടുണ്ടെന്നും മേജര്‍ രവി. മരണാനന്തരം രാജ്യം അശോക ചക്ര നല്‍കി ആദരിച്ച മേജര്‍ മോഹിത് ശര്‍മ്മയെ പരിചയപ്പെട്ട കാര്യമാണ് പുതിയൊരു അഭിമുഖത്തില്‍ മേജര്‍ രവി പറയുന്നത്. എന്നാല്‍ ധുരന്ധര്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയല്ലെന്ന് സംവിധായകന്‍ ആദിത്യ ധര്‍ നേരത്തെ പറഞ്ഞിരുന്നു.

## Article Content

ധുരന്ധര്‍ സിനിമയ്ക്ക് പ്രചോദനമായ സൈനികനെ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും പരിചയപ്പെട്ടിട്ടുണ്ടെന്നും മേജര്‍ രവി. മരണാനന്തരം രാജ്യം അശോക ചക്ര നല്‍കി ആദരിച്ച മേജര്‍ മോഹിത് ശര്‍മ്മയെ പരിചയപ്പെട്ട കാര്യമാണ് പുതിയൊരു അഭിമുഖത്തില്‍ മേജര്‍ രവി പറയുന്നത്. എന്നാല്‍ ധുരന്ധര്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയല്ലെന്ന് സംവിധായകന്‍ ആദിത്യ ധര്‍ നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ സിനിമയ്ക്ക് ആസ്പദമായത് അദ്ദേഹം തന്നെയാണെന്ന് ആദിത്യ ധര്‍ തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മേജര്‍ രവി പറയുന്നു. പ്രിയദര്‍ശന്‍റെ അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ആദിത്യ ധര്‍. അവിടെ വച്ചാണ് ആദിത്യയെ പരിചയമെന്നും മേജര്‍ രവി പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി ഇക്കാര്യം പറയുന്നത്.

**മേജര്‍ രവി പറയുന്നു**

> “ധുരന്ധര്‍ എന്ന സിനിമ ഒരു ചെറിയ എലമെന്‍റില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. നിങ്ങള്‍ ധുരന്ധറിലൂടെ അറിയുന്ന മോഹിത് ശര്‍മ്മയുടെ കാര്യം രണ്ട് വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ ഞാന്‍‌ പറഞ്ഞിട്ടുണ്ട്. യഥാര്‍ഥ ഹീറോസ് ഇവരൊക്കെ ആണെന്ന് പറഞ്ഞിട്ട്. അദ്ദേഹത്തെക്കുറിച്ച് നമ്മള്‍ ആരും അറിയില്ലായിരുന്നു. എന്തുകൊണ്ടാണെന്ന് വച്ചാല്‍ അവിടെ ടിവിയും മീഡിയയുമൊന്നും ഇല്ല എന്നതു തന്നെ. ഈ മനുഷ്യന്‍ പാകിസ്താനില്‍ പോയിട്ടുണ്ട്. അവിടെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്നിട്ടുമുണ്ട്. ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട്.

ഞങ്ങള്‍ ഒരു മണിക്കൂര്‍ ഇരുന്ന് സംസാരിച്ചിട്ടുണ്ട്. എന്നെ കാണാന്‍ വന്നതാണ്. മോഹിത്തിന്‍റെ കമാന്‍ഡിംഗ് ഓഫീസര്‍ എന്ന് പറയുന്നത് ഇപ്പോള്‍ ജനറല്‍ ആയിരിക്കുന്ന കണ്ണൂര്‍ക്കാരന്‍ വേണു ആയിരുന്നു. വേണു അന്ന് കേണല്‍ ആയിരുന്നു. കുരുക്ഷേത്രയുടെ ലൊക്കേഷന്‍ ഹണ്ട് കഴിഞ്ഞ് കാറില്‍ വരുമ്പോള്‍ ശ്രീനഗറില്‍ ഇവരുടെ യൂണിറ്റ് ആണ് താമസിച്ചിരുന്നത്.

രാത്രി 11 മണിക്ക് വാതിലില്‍ ഒരു മുട്ട്. വലിയ താടിയും എകെ 47 ഉും ഒക്കെയായി ഒരാള്‍. സര്‍, ഐ ആം മോഹിത് ശര്‍മ്മ എന്ന് പരിചയപ്പെടുത്തി. എനിക്ക് സംസാരിക്കണം എന്നും എന്നോട് പറഞ്ഞു. സംസാരത്തിനിടെ പാകിസ്താനില്‍ പോയ കാര്യമോ ഒന്നും പറഞ്ഞില്ല. പിന്നീടൊരിക്കല്‍ ഒരു ഓഫീസര്‍ വിളിച്ച് പറയുമ്പോഴാണ് അറിയുന്നത് എന്‍കൌണ്ടറില്‍ അദ്ദേഹം മരിച്ചു എന്ന്. പന്ത്രണ്ട് മൃതദേഹങ്ങളായിരുന്നു ചുറ്റും”, മേജര്‍ രവി പറയുന്നു.

> ധുരന്ധറിലെ സിനിമാറ്റിക് എലമെന്‍റുകളെക്കുറിച്ചും മേജര്‍ രവി പറയുന്നു- “പക്ഷേ സിനിമയിലേതുപോലെ അവിടെ നിന്നിട്ട് കല്യാണം കഴിച്ചിട്ടൊന്നുമില്ല, പക്ഷേ ഇതിന്‍റെ പശ്ചാത്തലത്തിലാണ് അവര്‍ ആ കഥ എടുത്തത്. ആദിത്യയെ എനിക്ക് അറിയാം. കാരണം പ്രിയേട്ടന്‍റെ (പ്രിയദര്‍ശന്‍) അസിസ്റ്റന്‍റ് ആയിരുന്നു. ഞങ്ങളൊക്കെ ഒരു സെയിം ടീം ആയിരുന്നു. സാര്‍ ആ എലമെന്‍റ് എടുത്തിട്ടുണ്ട്, സിനിമാറ്റിക് ആയി പോവുമ്പോള്‍ വേറൊരു ലുക്ക് ആയിരിക്കുമെന്നും ആദിത്യ എന്നോട് പറഞ്ഞിരുന്നു”, മേജര്‍ രവി പറയുന്നു.

കഴിഞ്ഞ വര്‍ഷൽം ഡിസംബറില്‍ ധുരന്ധര്‍ ആദ്യ ഭാഗത്തിന്‍റെ റിലീസിന് മുന്നോടിയായി ട്രെയ്‍ലര്‍ പുറത്തെത്തിയപ്പോള്‍ ചിത്രം മേജര്‍ മോഹിത് ശര്‍മ്മയുടെ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പിന്നാലെ മോഹിത് ശര്‍മ്മയുടെ സഹോദരന്‍ മധുര്‍ ശര്‍മ്മ ഇതില്‍ വ്യക്തത ആവശ്യപ്പെട്ട് എക്സില്‍ സംവിധായകനെ ടാഗ് ചെയ്ത് ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന് ആദിത്യ ധര്‍ നല്‍കിയ മറുപടി ചിത്രം മോഹിത് ശര്‍മ്മയുടെ ജീവിതം ആസ്‍പദമാക്കിയുള്ള ഒന്നല്ല എന്നായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/348816/i-had-met-major-mohit-sharma-the-inspiration-behind-dhurandhar-movie-for-aitya-dhar-says-majo-ravi)