(https://truevisionnews.com/) സംസ്ഥാനത്തെ പാചകവാതക ക്ഷാമം പരിഹരിക്കാനും വിതരണം കാര്യക്ഷമമാക്കാനും സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ വാർ റൂം പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും നേതൃത്വത്തിൽ എണ്ണക്കമ്പനി പ്രതിനിധികളുമായി നടത്തിയ നിർണ്ണായക ചർച്ചയ്ക്ക് പിന്നാലെയാണ് ഈ നീക്കം.
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സ്കോഡുകൾ രൂപീകരിച്ച് പരിശോധന ആരംഭിച്ചു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലണ്ടർ വിതരണത്തിലെ നിയന്ത്രണത്തിൽ ആവശ്യമായ ഇളവുകൾ നല്‍കണമെന്ന് ഓയിൽ കമ്പനികളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇക്കാര്യം അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം – പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്ക്ക് മന്ത്രി ജി.ആര്‍. അനില്‍ കത്ത് നല്‍കി. മുന്‍ഗണനാമേഖലകളായ വൃദ്ധസദനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ / സുഭിക്ഷാ ഹോട്ടലുകൾ എന്നിവിടങ്ങളിലും സ്കൂൾ, കോളേജ് ഹോസ്റ്റലുകളിലും ഹോസ്റ്റലുകളോട് ചേർന്നുള്ള ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍ – പൊതുമേഖല ഓഫീസ് ക്യാമ്പസിലെ ക്യാന്റീനുകള്‍ എന്നിവയിലും മുന്‍ഗണന നല്‍കി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ വിതരണം ചെയ്യാന്‍ തയ്യാറാകണമെന്നുള്ള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അനുകൂലമായി പരിഗണിക്കാമെന്ന് ഓയിൽ കമ്പനികൾ അറിയിച്ചു.
LPG crisis: 'War room' opened in the state


























