തിരുവനന്തപുരം: (https://truevisionnews.com/) സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായ അഞ്ച് പ്രവൃത്തി ദിനങ്ങൾ എന്ന നിർദ്ദേശത്തിൽ ഉടൻ തീരുമാനമുണ്ടായേക്കും.
വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച അന്തിമ നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശനിയാഴ്ച അവധി നൽകി പ്രവൃത്തി സമയം കൂട്ടാനുള്ള ശിപാർശ ചീഫ് സെക്രട്ടറി സർക്കാറിന് കൈമാറിയെന്നാണ് വിവരം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കാനാണ് നീക്കം.
പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്നത് സർവിസ് സംഘടനകൾ തത്വത്തിൽ അംഗീകരിച്ചിരുന്നു. ജീവനക്കാർക്ക് ഞായറിന് പുറമേ ശനിയാഴ്ച കൂടി അവധി നൽകുന്നതാണ് പുതിയ പരിഷ്കാരം. ഭരണപരിഷ്കാര കമീഷൻ റിപ്പോർട്ടിന്‍റെയും ശമ്പള പരിഷ്കരണ കമീഷൻ റിപ്പോർട്ടിന്‍റെയും ചുവടുപിടിച്ചാണ് ആഴ്ചയിൽ രണ്ട് ദിവസം ഓഫിസുകൾക്ക് അവധി നൽകുന്നത് പരിഗണിക്കുന്നത്. മുമ്പും സമാന ആലോചനകളുണ്ടായെങ്കിലും ചില നിബന്ധനകളിൽ തട്ടി ചർച്ച വഴിമുട്ടുകയും നീക്കം ഉപേക്ഷിക്കുകയുമായിരുന്നു.
മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കും വിധമായിരുന്നു അന്നത്തെ ചർച്ച. ജീവനക്കാരുടെ കാഷ്വൽ ലീവ് കുറയുമെന്ന ഉപാധി വെച്ചതോടെയാണ് സർവിസ് സംഘടനകളുടെ എതിർപ്പുണ്ടായത്. ഇതിൽനിന്ന് വ്യത്യസ്തമായി മാസത്തിലെ എല്ലാ ശനിയും ഞായറും അവധിയാക്കും വിധമാണ് പുതിയ ശിപാർശ.
ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ പൂർണമായി ഓൺലൈനാകുന്ന സാഹചര്യത്തിൽ ഓഫിസ് സന്ദർശനം അനിവാര്യമല്ലെന്ന് ഇത്തരം ആലോചനകളെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ഏഴ് മണിക്കൂറാണ് നിലവിൽ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം. നഗരങ്ങളിൽ 10.15 മുതൽ വൈകീട്ട് 5.15 വരെയും മറ്റിടങ്ങളിൽ 10 മുതൽ അഞ്ചുവരെയും.
പ്രവൃത്തി ദിവസങ്ങളിൽ കാലത്തും വൈകീട്ടുമായി പ്രവൃത്തി സമയം ഒന്നര മണിക്കൂർ കൂടി ദീർഘിപ്പിച്ചാൽ ഏഴര മണിക്കൂർ ലഭിക്കും. ശനിയാഴ്ചയിലെ അവധിക്ക് ഇത് പകരമാവുകയും ചെയ്യും. അങ്ങനെയെങ്കിൽ നിലവിൽ 10.15ന് തുടങ്ങുന്ന ഓഫിസുകൾ 9.15നോ 9.30നോ ആരംഭിക്കണം. വൈകുന്നേരം 5.15 എന്നത് 5.30 അല്ലെങ്കിൽ 5.45 ആക്കി മാറ്റേണ്ടിവരും. സംസ്ഥാനത്തെ സ്കൂൾ സമയമടക്കം നിരവധി ഘടകങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കണം.
സർക്കാർ വാഹനങ്ങളുടെ ഓട്ടം, ഓഫിസ് ചെലവുകൾ, വൈദ്യുതി ഉപയോഗം, വെള്ളം എന്നീ കാര്യങ്ങൾ ലാഭിക്കാമെന്നതാണ് സർക്കാറിന് മുന്നിലുള്ളത്. അതേസമയം ശമ്പളപരിഷ്കരണ കമീഷൻ, ക്ഷാമബത്ത വിഷയങ്ങളിലെ അസ്വസ്ഥകൾ മറികടക്കാനുള്ള പൊടിക്കൈ ആണോ പുതിയ ചർച്ചകളെന്ന സംശയവും ഒരു വിഭാഗം മുന്നോട്ടുവെക്കുന്നുണ്ട്.
Government employees' working day to be extended to five, cabinet decision likely today

































