തൃശ്ശൂർ : (truevisionnews.com) തൃശ്ശൂർ നാട്ടികയിൽ സി.പി.ഐ വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്ന സി.സി. മുകുന്ദന് കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്ന് ഏകദേശ സൂചന. മുകുന്ദനെ പിന്തുണയ്ക്കുന്നതിന് പകരം സ്വന്തം സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
മുകുന്ദൻ മത്സരിക്കുന്നത് സി.പി.ഐ വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്നും, അതിനാൽ ശക്തനായൊരു സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയാൽ മണ്ഡലം പിടിച്ചെടുക്കാമെന്നുമാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
സുനിൽ ലാലൂർ, സി.കെ. വിനോദ് എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പരിഗണനയിലുള്ളത്. ഇക്കാര്യത്തിലുള്ള പ്രാദേശിക വികാരം കെ.പി.സി.സി വഴി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നേരത്തെ നാട്ടിക എം.എൽ.എ ആയിരുന്ന സി.സി. മുകുന്ദനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സി.പി.ഐ പുറത്താക്കിയിരുന്നു.
സിറ്റിംഗ് സീറ്റിൽ തനിക്ക് പകരം മുൻ എം.എൽ.എ ഗീത ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ് മുകുന്ദനെ ചൊടിപ്പിച്ചത്. ഗീത ഗോപിയുടേത് 'പെയ്‌മെന്റ് സീറ്റ്' ആണെന്ന ഗുരുതര ആരോപണം ഉന്നയിച്ച അദ്ദേഹം, താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
യു.ഡി.എഫും ബി.ജെ.പിയും തന്നെ സമീപിച്ചിട്ടുണ്ടെന്ന് മുകുന്ദൻ അവകാശപ്പെട്ടിരുന്നെങ്കിലും, നിലവിൽ കോൺഗ്രസ് അദ്ദേഹത്തെ കൈവിട്ട നിലയിലാണ്. ഇതോടെ ബി.ജെ.പി നിലപാട് എന്തായിരിക്കുമെന്നതിലാണ് ഇനി രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
Congress abandons Mukundan in the national assembly





























.png)

.jpeg)
.jpeg)
