തിരുവനന്തപുരം: ( www.truevisionnews.com ) കെട്ടിടം നിർമാണത്തിന് മണ്ണ് നീക്കം ചെയ്യുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയ മൈനിങ് ആൻഡ് ജിയോളജി ഡറക്ടറേറ്റിലെ ലാബ് അറ്റൻഡർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം ജില്ല മൈനിങ് ആൻഡ് ജിയോളജി ഓഫീസ് പരിസരത്ത് വച്ചാണ് ലാബ് അറ്റൻഡർ ക്രിസ്റ്റ്യൻ ജോസിനെ വിജിലൻസ് പിടികൂടിയത്.
ടിപ്പർ ലോറി ഉടമയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയുടെ വസ്തുവിൽ നിന്നും കെട്ടിടം നിർമാണത്തിനായി മണ്ണ് നീക്കം ചെയ്യാനുള്ള കരാർ, ടിപ്പർ ലോറി ഉടമായ പരാതിക്കാരൻ ഏറ്റെടുത്തിരുന്നു. മണ്ണ് നീക്കം ചെയ്യുന്നതിനായി ഉടമ തിരുവനന്തപുരം ജില്ലാ മൈനിങ് ആൻഡ് ജിയോളജി ഓഫീസിൽ അപേക്ഷ നൽകുകയും ചെയ്തു.
പാസ് അനുവദിക്കുന്നതിലെ കാലതാമസം നേരിട്ടതോടെ പരാതിക്കാരൻ ജില്ലാ ഓഫീസിൽ നേരിട്ട് പോയി അന്വേഷിച്ചു. അപ്പോൾ ഓഫീസിൽ ഉണ്ടായിരുന്ന ക്രിസ്റ്റ്യൻ ജോസ് കാര്യങ്ങൾ വേഗത്തിലാക്കാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 40,000 രൂപ മറ്റ് ഉദ്യോഗസ്ഥർക്കും 10,000 രൂപ തനിക്കുള്ളതാണെന്നുമാണ് ക്രിസ്റ്റ്യൻ ജോസ് പറഞ്ഞു.
തുടർന്ന് ഫെബ്രുവരി 23ന് ക്രിസ്റ്റ്യൻ ജോസ് പരാതിക്കാരെ ഫോണിൽ വിളിച്ച് കൈക്കൂലിതുക വസ്തുവിന്റെ ഉടമയിൽ നിന്നും വാങ്ങി നൽകിയാൽ മതിയെന്നും ഗൂഗിൾ പേ മുഖാന്തിരം അയച്ച് നൽകാനും ആവശ്യപ്പെട്ടു. പിന്നീട് മാർച്ച് ഒമ്പതിന് ഉദ്യോഗസ്ഥനെ നേരിൽ കണ്ട് അത്രയും പണം നൽകാനില്ലെന്ന് അറിയിച്ചപ്പോൾ 5000 രൂപ ഉടൻ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.
Geology officer arrested by Vigilance for accepting Rs 5000 bribe for soil clearance

































