---
title: "'അബായ ധരിച്ചതുകൊണ്ട് ഒന്നും സംഭവിച്ചില്ല, മനോഹരമായ കാഴ്ച കാണാൻ പറ്റി; വിമർശകർക്ക് കൃഷ്ണകുമാറിന്റെ മറുപടി'"
english_title: "Krishnakumar's reply to critics"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346452/krishnakumars-reply-to-critics"
published_at: "2026-03-08T16:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad5be38c0a4_24.jpg"
keywords: []
---

# 'അബായ ധരിച്ചതുകൊണ്ട് ഒന്നും സംഭവിച്ചില്ല, മനോഹരമായ കാഴ്ച കാണാൻ പറ്റി; വിമർശകർക്ക് കൃഷ്ണകുമാറിന്റെ മറുപടി'

> **Lead Summary:** **[ **അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സന്ദർശനവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരെ ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ.

## Article Content

**[ **അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സന്ദർശനവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരെ ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ.

മോസ്‌കിൽ പ്രവേശിക്കുന്നതിനായി അബായ ധരിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസങ്ങൾക്കും 'ഇരട്ടത്താപ്പ്' ആരോപണങ്ങൾക്കുമാണ് അദ്ദേഹം ഇപ്പോൾ വ്യക്തത നൽകിയിരിക്കുന്നത്.

വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണകുമാർ തന്റെ നിലപാട് വ്യക്തമാക്കിയത്. അബുദാബിയിലെ മനോഹരമായ ആ നിർമ്മിതി കാണുക എന്ന ലക്ഷ്യത്തോടെയാണ് താനും മക്കളും അവിടെ പോയതെന്നും, അവിടുത്തെ നിയമങ്ങൾ പാലിച്ച് അബായ ധരിച്ചാണ് ഉള്ളിൽ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ ചിത്രങ്ങൾ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഉത്തരേന്ത്യയിലെ പ്രൊഫസർമാർ വരെ ഈ വിഷയം ഏറ്റെടുക്കുകയും തനിക്കെതിരെ കുറിപ്പുകൾ എഴുതുകയും ചെയ്തതോടെ പാർട്ടി പ്രവർത്തകർ പോലും ഇതിനെക്കുറിച്ച് അന്വേഷിച്ചുവെന്ന് കൃഷ്ണകുമാർ വെളിപ്പെടുത്തി.

ഓരോ രാജ്യത്തെയും നിയമങ്ങൾ അവിടെ ചെന്നാൽ പാലിക്കപ്പെടണമെന്നാണ് കൃഷ്ണകുമാറിന്റെ പക്ഷം. അമേരിക്കയിൽ പോയാൽ അവിടുത്തെ ഡ്രൈവിംഗ് നിയമങ്ങൾ പാലിക്കുന്നത് പോലെ, അബുദാബിയിലെ നിയമപ്രകാരം ആ വസ്ത്രം ധരിച്ചതുകൊണ്ട് തങ്ങൾക്ക് മോസ്‌കിനുള്ളിൽ കയറി ആ കാഴ്ചകൾ ആസ്വദിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

> "ആ ഡ്രസ് ഇട്ടതുകൊണ്ട് എനിക്കും മക്കൾക്കും ഒന്നും സംഭവിച്ചില്ല, മറിച്ച് അത് കാണാൻ പറ്റി എന്ന സന്തോഷമാണ് ഉണ്ടായത്. അത് ധരിക്കില്ല എന്ന് വാശിപിടിച്ചിരുന്നെങ്കിൽ ആ സന്തോഷം ലഭിക്കില്ലായിരുന്നു," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ നിയമങ്ങൾ ഇന്ത്യയിൽ പാലിക്കുന്നത് പോലെ തന്നെ മറ്റ് രാജ്യങ്ങളിലെ നിയമങ്ങളും ബഹുമാനിക്കപ്പെടണമെന്നാണ് കൃഷ്ണകുമാർ ഈ വിവാദങ്ങൾക്ക് മറുപടിയായി പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/346452/krishnakumars-reply-to-critics)