തിരുവനന്തപുരം: (truevisionnews.com) ഗൾഫ് മേഖലയിലെ നിലവിലെ യുദ്ധസാഹചര്യത്തിൽ കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.
മലയാളികളുടെ രണ്ടാം വീടായി കരുതപ്പെടുന്ന ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാന്റെ നടപടികളെ പ്രീണന രാഷ്ട്രീയത്തിന്റെ പേരിൽ പിന്തുണയ്ക്കുന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ഇരുമുന്നണികൾക്കും കേരളത്തിലെ ജനങ്ങളുടെ സുരക്ഷയേക്കാൾ വലുത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുന്നത് ഒരു സമുദായത്തെ അരികുവൽക്കരിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജിസിസി രാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയ്ക്കാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നതെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച അദ്ദേഹം, സംഘർഷം ലഘൂകരിക്കാൻ ഇരുപക്ഷവും സഹിഷ്ണുത പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ അകപ്പെട്ട മലയാളികളെ സഹായിക്കാൻ കേരള ബിജെപി പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 30 സംഘടനാ ജില്ലാ ഓഫീസുകളിലും ഈ സേവനം ലഭ്യമാകുമെന്നും സഹായം ആവശ്യമുള്ളവർക്ക് 1800 257 4357 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ മലയാളി കുടുംബങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്രസർക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
No need to worry about the safety of Gulf Malayalis

































