ഇസ്ലാമാബാദ്:(https://truevisionnews.com/) ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനെയി കൊല്ലപ്പെട്ടതിനെത്തുടർന്ന് പാകിസ്താനിലെ കറാച്ചിയിലുള്ള യുഎസ് കോൺസുലേറ്റിന് നേരെ നടന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷത്തിൽ മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മായ് കൊലാച്ചി റോഡിലെ കോൺസുലേറ്റ് കവാടത്തിലേക്ക് അതിക്രമിച്ചു കയറിയ ജനക്കൂട്ടം സെക്യൂരിറ്റി ബാരിക്കേഡുകൾ തകർക്കുകയും ഗാർഡ് ഹൗസിന് തീയിടുകയും ചെയ്തു. ഇസ്രായേലും അമേരിക്കയും ചേർന്ന് പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുകയാണെന്ന് ആരോപിച്ചായിരുന്നു ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസും അർധസൈനിക വിഭാഗവും ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
സംഭവത്തിൽ കറാച്ചി അഡീഷണൽ ഇൻസ്‌പെക്ടർ ജനറലിനോട് സിന്ധ് പ്രവിശ്യ ആഭ്യന്തര മന്ത്രി സിയാവുൽ ഹസ്സൻ ലഞ്ചാർ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരെയും നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അധികൃതർ, നഗരത്തിലെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഖാംനഈയുടെ വിയോഗത്തെത്തുടർന്ന് പാകിസ്താനിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്.
Eight killed in shooting at US consulate in Karachi during protest



























