ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം വഷളാകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി കേന്ദ്ര സർക്കാർ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു.
യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ സുരക്ഷിതമായി എത്തിക്കാൻ പ്രത്യേക സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത നൽകി.
നിലവിലെ സാഹചര്യം പ്രവാസികൾക്കിടയിൽ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവരിൽ വലിയ ഭീതി പടർത്തിയിട്ടുണ്ടെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിന് ഇന്ത്യക്കാർ തൊഴിലെടുക്കുന്ന പശ്ചിമേഷ്യൻ മേഖലയിൽ അവരുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്നത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്.
ഗൾഫ് മേഖലയിലേക്ക് സംഘർഷം പടരാനുള്ള സാധ്യത മുൻനിർത്തി ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ജാഗ്രത പാലിക്കണമെന്നും പ്രവാസികളുമായി നിരന്തരം സമ്പർക്കം പുലർത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സർക്കാർ സജ്ജമാകണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
Action is needed to bring back Indian citizens - K.C. Venugopal



























