തിരുവനന്തപുരം: ( https://truevisionnews.com/) ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കെഎസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ വധശ്രമത്തിന് കേസെടുത്തത് വലിയ ചർച്ചയായിരുന്നു. ഇതിൽ വ്യക്തത വരുത്തിക്കൊണ്ടാണ് ഡിജിപി റവാഡ ചന്ദ്രശേഖർ രംഗത്തെത്തിയത്.
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. അന്വേഷണത്തിലാണ് ഏതൊക്കെ വകുപ്പുകൾ നിലനിൽക്കുമെന്ന കാര്യം വ്യക്തമാവുക. വിശദമായ പരിശോധനയും അന്വേഷണവുമുണ്ടാകും.
ആദ്യഘട്ടത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തത്. വിശദമായ അന്വേഷണത്തിലൂടെ വകുപ്പുകളിൽ ഉൾപ്പെടെ വ്യക്തത വരുത്തും. മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിജിപി പറഞ്ഞു.
അതേസമയം, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിർദ്ദേശാനുസരണം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
നാല് ദിവസം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചത്. ഡോക്ടര്‍മാര്‍ നിർദ്ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോളോ അപ്പ് ചികിത്സ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലെ വീട്ടിലാണ് മന്ത്രി വിശ്രമത്തിലുള്ളതെന്നും ഓഫീസ് അറിയിച്ചു.
അതേസമയം മന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു നേതാവിന്‍റെ വടകര തോടന്നൂരിലെ വീടിനു നേരെയുണ്ടായ ബോംബേറില്‍ പ്രതികളെ കുറിച്ച് സൂചനയില്ലെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍, അക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്നും അതിനാല്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് യുഡിഎഫ് ആരോപണം. പ്രതികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
KSU activists protest against Veena George, DGP's revelation on filing of case

































