---
title: "'നാണമില്ലേ യൂട്യൂബർമാരേ... ക്രിസ് എന്നെ തല്ലുന്നത് നിങ്ങൾ കണ്ടോ?' വേർപിരിയൽ വാർത്തകളോട് പ്രതികരിച്ച് ദിവ്യ ശ്രീധർ"
english_title: "Divya Sridhar responds to breakup news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344595/divya-sridhar-responds-to-breakup-news"
published_at: "2026-02-27T14:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1632e68b61_Divya_Sridhar_responds_to_breakup_news.jpg"
keywords: []
---

# 'നാണമില്ലേ യൂട്യൂബർമാരേ... ക്രിസ് എന്നെ തല്ലുന്നത് നിങ്ങൾ കണ്ടോ?' വേർപിരിയൽ വാർത്തകളോട് പ്രതികരിച്ച് ദിവ്യ ശ്രീധർ

> **Lead Summary:** വിവാഹത്തിന് പിന്നാലെ തങ്ങൾക്കെതിരെ നടക്കുന്ന ക്രൂരമായ സൈബർ ആക്രമണങ്ങൾക്കും വ്യാജവാർത്തകൾക്കുമെതിരെ പ്രതികരിച്ച് നടി ദിവ്യ ശ്രീധർ. അടുത്തിടെ താരം പങ്കുവെച്ച ഒരു റീൽസ് വീഡിയോയെ തെറ്റായി വ്യാഖ്യാനിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകളോടാണ് ദിവ്യ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

## Article Content

വിവാഹത്തിന് പിന്നാലെ തങ്ങൾക്കെതിരെ നടക്കുന്ന ക്രൂരമായ സൈബർ ആക്രമണങ്ങൾക്കും വ്യാജവാർത്തകൾക്കുമെതിരെ പ്രതികരിച്ച് നടി ദിവ്യ ശ്രീധർ. അടുത്തിടെ താരം പങ്കുവെച്ച ഒരു റീൽസ് വീഡിയോയെ തെറ്റായി വ്യാഖ്യാനിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകളോടാണ് ദിവ്യ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

ഒരു റീലിനായി മുഖത്ത് മുറിവേറ്റ പാടുകളുള്ള മേക്കപ്പിട്ടാണ് ദിവ്യ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതിന് പിന്നാലെ ക്രിസും ദിവ്യയും തമ്മിൽ വേർപിരിഞ്ഞുവെന്നും, ക്രിസ് ദിവ്യയെ മർദിച്ചതിന്റെ പാടുകളാണ് മുഖത്തെന്നും തരത്തിൽ ചിലർ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിലെ സങ്കടം ദിവ്യ പങ്കുവെച്ചു. 'പത്തരമാറ്റ്' എന്ന സീരിയലിന്റെ സെറ്റിലെ പരിചയമാണ് ഇവരുടെ വിവാഹത്തിൽ എത്തിയത്. വിവാഹ ദിവസം മുതൽ ഇരുവരും വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്നുണ്ടായിരുന്നു.

''ഒരു കല്യാണം കഴിച്ചതിന്റെ പേരില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. എന്തെങ്കിലും കണ്ടന്റ് ഇട്ടുപോയാല്‍ വിവാദമാകും. നെറ്റി മുറിഞ്ഞ ഒരു വീഡിയോയാണ് ചെയ്തത്. എന്റെ നെറ്റിക്ക് ഒരു കുഴപ്പവും ഇല്ല. ഈ യൂട്യൂബര്‍മാര്‍ക്ക് ഒരു പണിയുമില്ലേ? നാണമില്ലേ, അന്യന്റെ ജീവിതത്തില്‍ കയറി കളിക്കാന്‍? എന്റെ മുഖത്തിനോ ശരീരത്തിനോ ഒരു കുഴപ്പവുമില്ല. എന്നെ ക്രിസ് അടിക്കുന്നത് നിങ്ങള്‍ കണ്ടോ?

അത് ഞാന്‍ ദൂരദര്‍ശനില്‍ ടെലികാസ്റ്റ് ചെയ്യുന്ന വെബ് സീരീസിനു വേണ്ടി മേക്കപ്പ് ചെയ്തതാണ്. ഈ റീല്‍ എടുത്തിട്ട് മാസങ്ങളായി. ഇന്നലെ ചെയ്തതാണെങ്കില്‍ പെട്ടെന്ന് എന്റെ നെറ്റിയിലെ മുറിവ് മാഞ്ഞു പോകുമോ? രേഖ രതീഷ്, ഞാന്‍, രേണു സുധി... ഞങ്ങള്‍ മാത്രമാണോ നിങ്ങളുടെ ഇരകള്‍. എന്റെയും ക്രിസിന്റെയും ജീവിതം മനോഹരമായിട്ടാണ് പോകുന്നത്. ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്‌നവുമില്ല. ഒരു കല്യാണം കഴിച്ചെന്നു വെച്ച് വീഡിയോ ഇടാന്‍ പറ്റില്ല. ഫുള്‍ടൈം ചിരിച്ചുകൊണ്ട് വീഡിയോ ഇടണോ? നമുക്ക് ഇഷ്ടപ്പെട്ട തീം ഇടാന്‍ പറ്റില്ല. ഒരാളുടെ ജീവിതം വച്ച് കളിക്കുമ്പോള്‍ നാണമില്ലേ? എന്റെ വീടിന്റെ അപ്പുറത്തുള്ള ഒരാളാണ് ചോദിച്ചത്, നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന്. അപ്പോഴാണ് ഞാന്‍ ഇക്കാര്യം അറിഞ്ഞത്. നിങ്ങള്‍ക്കൊക്കെ എന്താണ് പ്രശ്‌നം'', എന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ദിവ്യ ചോദിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/344595/divya-sridhar-responds-to-breakup-news)