കൽപ്പറ്റ: (https://truevisionnews.com/) ആരോഗ്യ മന്ത്രി വീണാ ജോർജിന് കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി. പേരാമ്പ്രയിൽവെച്ച് പരിക്കേറ്റ തന്നോട് ചോദ്യം ചോദിച്ച ചോദ്യകർത്താക്കളെ ഒന്നും ഇപ്പോൾ കാണാനില്ലെന്നും അവരെല്ലാം വികാരഭരിതമായി ആക്രമണത്തിനെതിരായ പ്രതികരണം നടത്തുകയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
മൂക്കിൽ മർദ്ദനമേറ്റാൽ വീൽ ചെയറിൽ പോകണമോ, ഫോണിൽ സംസാരിക്കുമോ, നടന്നു പോയാൽ ഐസിയുവിൽ കയറ്റുമോ എന്നെല്ലാമായിരുന്നു അന്ന് തന്നോട് ചോദിച്ചത്. ആ ചോദ്യം ചോദിച്ചവരെയൊന്നും ഇപ്പോൾ കാണാനില്ല, അവരുടെ ചോദ്യങ്ങളും കാണാനില്ല. അവരെല്ലാം ജീവനോടെ ഉണ്ടെന്നാണ് കരുതുന്നത്. അവർ വലിയ വികാരഭരിതമായി ആക്രമണത്തിനെതിരായ പ്രതികരണം നടത്തുകയാണെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.
റെയിൽവെ സ്റ്റേഷനിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ മുഴുവൻ പരിശോധിച്ചിട്ടും വീണാ ജോർജിനെ ആക്രമിക്കുന്നത് കാണാൻ കഴിഞ്ഞിട്ടില്ല. മന്ത്രിയുടെ കഴുത്തും കയ്യും പിടിച്ച് തിരിച്ചു എന്നെല്ലാമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി പറയുന്നത്.
ഇത്തരം പ്രതികരണങ്ങളിലൂടെ പരസ്യമായി അക്രമം അഴിച്ചു വിടാൻ അണികളെ ഇളക്കി വിടുകയാണ് പാർട്ടി സെക്രട്ടറി. ആരോഗ്യ രംഗത്തെ ഗുരുതര വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ നീക്കങ്ങളെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിക്കുന്നത് ഏത് ദൃശ്യത്തിലാണുള്ളത്.
ചെടിച്ചട്ടികൊണ്ട് ആളുകളുടെ തല അടിച്ച് പൊട്ടിച്ചപ്പോൾ അത് രക്ഷാ പ്രവർത്തനമാണെന്ന് പറഞ്ഞ ആളാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി, എന്നാലിപ്പോൾ ഒരു കരിങ്കൊടി കാണിച്ചപ്പോൾ അത് വധശ്രമമാണെന്ന് പറയുകയാണ്. ആ കുതന്ത്രമൊന്നും ഇനി കേരളത്തിലെ ജനങ്ങളുടെ മുന്നിൽ ചെലവാകില്ല.
ചാനലുകൾ പുറത്തുവിട്ട ദൃശ്യങ്ങളിലൊന്നും മർദ്ദനത്തിന്റെതായ ഒന്നും കാണുന്നില്ല. തങ്ങളുടെ പ്രവർത്തകർ അങ്ങനെ ഒരു ആക്രമണം നടത്തിയിട്ടില്ല. ജനം ബാലറ്റിലൂടെ കഴുത്തിന് പിടിച്ച് ഭരണത്തിൽനിന്ന് സർക്കാരിനെ പുറത്താക്കുമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.
ShafiParambil MP responds to Veena George's injury incident




























