മലയാളത്തിലും ഹിന്ദിയിലും ഒരേപോലെ പ്രേക്ഷക പ്രശംസ നേടിയ നടിയാണ് കനി കുസൃതി. പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിലൂടെ ആഗോളതലത്തിലും കനി ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിയുടെ ഏറ്റവും പുതിയ ഹിന്ദി ചിത്രം 'അസ്സി' വിജയകരമായി പ്രദർശനം തുടരുകയാണ്.
ലൈംഗികാതിക്രമത്തിന് ഇരയായ 'പരിമ' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കനി കുസൃതി അവതരിപ്പിക്കുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട് സ്ക്രീനിന്‍ നൽകിയ അഭിമുഖത്തിൽ മലയാളം സിനിമാ സെറ്റുകളിലുണ്ടായ മാറ്റങ്ങളെപ്പറ്റിയും തന്റെ ഭാഷാപരമായ പരിമിതികളെക്കുറിച്ചും താരം മനസുതുറന്നു.
ഹിന്ദി സിനിമകൾ വരുമ്പോൾ അവരോട് തന്നെ കാസ്റ്റ് ചെയ്യരുതെന്ന് പറയാറുണ്ടെന്ന് കനി പറയുന്നു. "എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയില്ല. അതുകൊണ്ട് തന്നെ ലഭിക്കുന്ന എല്ലാ വേഷങ്ങളും ചെയ്യാൻ എനിക്ക് സാധിക്കില്ല. 'ദയവായി എന്നെ കാസ്റ്റ് ചെയ്യരുത്' എന്ന് ഞാൻ അവരോട് പറയാറുണ്ട്.
അല്ലെങ്കിൽ 'അസ്സി' സിനിമയിലേതുപോലെ എന്തെങ്കിലും പ്രത്യേകത ഉണ്ടാകണം. കാരണം ഈ സിനിമയുടെ സംവിധായകൻ അനുഭവ് എന്റെ കഥാപാത്രത്തെ കേരളത്തിൽ നിന്നുള്ള ഒരാളായി മാറ്റി. അല്ലെങ്കിൽ ഉത്തരേന്ത്യയിലെ മറ്റേതെങ്കിലും ഭാഗത്തുനിന്നുള്ള, ഒരുപക്ഷേ ഡൽഹിയിൽ നിന്നുള്ള ഒരാളായിട്ടാണ് ഈ കഥാപാത്രത്തെ അദ്ദേഹം കണ്ടിരുന്നത്.
എനിക്ക് ആ ഡയലോഗുകൾ പഠിക്കാൻ കഴിയില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അത് മനസിലാക്കാൻ തന്നെ എനിക്ക് ഒരുപാട് സമയം വേണ്ടിവരും. അത്ര വേഗത്തിൽ ഹിന്ദി പഠിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. കൂടാതെ, സംസ്കാരവും മറ്റ് പല കാര്യങ്ങളും ഘടകങ്ങളാണ്. ഞാൻ എല്ലാ അർഥത്തിലും ഒരു ശുദ്ധ മലയാളിയാണ്. ഞാൻ ഇപ്പോഴും ചിന്തിക്കുന്നത് മലയാളത്തിലാണ്. ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ പോലും എനിക്ക് നിരന്തരം മനസിൽ വിവർത്തനം ചെയ്യേണ്ടി വരുന്നു," കനി പറയുന്നു.
കേരളത്തിലെ സിനിമാ സെറ്റുകളിൽ ചെറിയതൊതിലാണെങ്കിലും മാറ്റം കാണാൻ സാധിക്കുന്നതായും കനി പറഞ്ഞു. "കേരളത്തിൽ മാറ്റങ്ങൾ വരുന്നത് ഞാൻ കാണുന്നുണ്ട്. പതിനഞ്ച് വർഷം മുമ്പ് ഞാൻ ഒരു മലയാളം സിനിമാ സെറ്റിൽ പോയിരുന്നെങ്കിൽ, അവിടെ മറ്റ് നടിമാരെയല്ലാതെ മറ്റൊരു സ്ത്രീയെയും കാണാൻ കഴിയില്ലായിരുന്നു. എന്നാൽ കേരളത്തെ അപേക്ഷിച്ച് മുംബൈയിൽ വരുമ്പോൾ, സെറ്റുകളിൽ കൂടുതൽ സ്ത്രീകളുടെ സാന്നിധ്യമുണ്ട്.
അത് തൊഴിലിടത്തിന്റെ സ്വഭാവത്തിൽ തന്നെ മാറ്റമുണ്ടാക്കുന്നു. കേരളത്തിൽ കുറച്ച് കാലം മുൻപ് വരെ ഒരു വനിതാ അസിസ്റ്റന്റ് ഡയറക്ടറെ പോലും കാണാൻ കഴിയില്ലായിരുന്നു. അക്കാലത്ത് അവർക്ക് കൃത്യമായ ശമ്പളമോ സെറ്റുകളിൽ ശുചിമുറി പോലുള്ള അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചിരുന്നില്ല.
എന്നാൽ ഇന്ന്, ആളുകൾ ഉച്ചത്തിൽ സംസാരിച്ചു തുടങ്ങിയതുകൊണ്ടും വുമൺ ഇൻ സിനിമ കളക്ടീവ് രൂപപ്പെട്ടതുകൊണ്ടും മിക്ക സെറ്റുകളിലും സ്ത്രീകൾക്ക് പരാതികൾ ബോധിപ്പിക്കാൻ ഒരു ആഭ്യന്തര സമിതി നിലവിലുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ സർഗാത്മക മേഖലകളിൽ പോലും കൂടുതൽ സ്ത്രീകൾ പ്രവർത്തിക്കുന്നു. എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ആളുകൾ ഇപ്പോൾ ഒന്ന് ചിന്തിക്കും," എന്നും കനി കൂട്ടിച്ചേർത്തു.
Content Highlight: kani kusruti tells bollywood filmmakers not to cast her why


































