തിരുവനന്തപുരം: (truevisionnews.com) ദേശീയപാതകളിലെ ടോൾ പിരിവ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). 2026 ഏപ്രിൽ 1 മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ പണമിടപാടുകൾ പൂർണ്ണമായും നിർത്തലാക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
ഇതോടെ ദേശീയപാതകളിലൂടെയുള്ള യാത്രകൾ പൂർണ്ണമായും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറും. നിലവിൽ ടോൾ പ്ലാസകളിൽ നിലനിൽക്കുന്ന പണമിടപാടുകൾ ഒഴിവാക്കി ഫാസ്‌ടാഗ്, യുപിഐ (UPI) എന്നിവ വഴി മാത്രം തുക ഈടാക്കുന്ന രീതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം നൽകുന്നതിനൊപ്പം ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനുമാണ് ഈ പരിഷ്കാരം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫാസ്‌ടാഗ് ഉപയോഗം 98 ശതമാനത്തിന് മുകളിലേക്ക് ഉയർന്നത് ഈ മാറ്റത്തിന് വേഗത കൂട്ടിയിട്ടുണ്ട്.
നിലവിൽ ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസകളിൽ പ്രവേശിച്ചാൽ നിശ്ചിത തുകയുടെ ഇരട്ടി പിഴയായി ഈടാക്കുന്നുണ്ട്. കൂടാതെ, യുപിഐ വഴി പണമടയ്ക്കുന്നവരിൽ നിന്ന് സാധാരണ നിരക്കിന്റെ 1.25 മടങ്ങ് തുകയാണ് ഇപ്പോൾ ഈടാക്കുന്നത്.
ഈ പുതിയ മാറ്റം വരുന്നതോടെ വാഹനങ്ങൾക്ക് ടോൾ പ്ലാസകളിൽ കാത്തുനിൽക്കാതെ വേഗത്തിൽ കടന്നുപോകാൻ സാധിക്കും. ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ ഇന്ധനലാഭവും സമയലാഭവും ഉറപ്പാക്കാൻ കഴിയുമെന്നാണ് എൻഎച്ച്എഐയുടെ വിലയിരുത്തൽ.
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ടോൾ പ്ലാസകൾ പൂർണ്ണമായും സാങ്കേതിക വിദ്യയിലേക്ക് മാറുന്നതോടെ രാജ്യത്തെ റോഡ് ഗതാഗത മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cash transactions are being stopped at toll plazas.

































