---
title: "'ധുരന്ദർ' സെറ്റിൽ പൊട്ടിക്കരഞ്ഞ് താരങ്ങൾ; ഷൂട്ടിങ്ങിനിടെ അക്ഷയ് ഖന്നയും അർജുൻ രാംപാലും തകർന്നുവെന്ന് മാധവൻ"
english_title: "Actors burst into tears on the sets of 'Dhurandar'; Madhavan says Akshaye Khanna and Arjun Rampal broke down during the shooting"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343474/actors-burst-into-tears-on-the-sets-of-dhurandar-madhavan-says-akshaye-khanna-and-arjun-rampal-broke-down-during-the-shooting"
published_at: "2026-02-22T10:14:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a8ad41611d_Madhavan_says_Akshaye_Khanna_and_Arjun_Rampal_broke_down_during_the_shooting.jpg"
keywords: []
---

# 'ധുരന്ദർ' സെറ്റിൽ പൊട്ടിക്കരഞ്ഞ് താരങ്ങൾ; ഷൂട്ടിങ്ങിനിടെ അക്ഷയ് ഖന്നയും അർജുൻ രാംപാലും തകർന്നുവെന്ന് മാധവൻ

> **Lead Summary:** 2025-ലെ മെഗാഹിറ്റ് ചിത്രം 'ധുരന്ദറി'ന്റെ ലൊക്കേഷനിലുണ്ടായ വൈകാരികമായ നിമിഷങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് നടൻ ആർ. മാധവൻ. ഇന്ത്യ-പാക് പോരാട്ടത്തിന്റെ കഥ പറഞ്ഞ ചിത്രത്തിലെ ഒരു നിർണ്ണായക രംഗം ചിത്രീകരിക്കുന്നതിനിടെ സഹതാരങ്ങളായ അക്ഷയ് ഖന്നയും അർജുൻ രാംപാലും മാനസികമായി തകർന്നുപോയെന്നാണ് മാധവൻ വെളിപ്പെടുത്തിയത്.

## Article Content

2025-ലെ മെഗാഹിറ്റ് ചിത്രം 'ധുരന്ദറി'ന്റെ ലൊക്കേഷനിലുണ്ടായ വൈകാരികമായ നിമിഷങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് നടൻ ആർ. മാധവൻ. ഇന്ത്യ-പാക് പോരാട്ടത്തിന്റെ കഥ പറഞ്ഞ ചിത്രത്തിലെ ഒരു നിർണ്ണായക രംഗം ചിത്രീകരിക്കുന്നതിനിടെ സഹതാരങ്ങളായ അക്ഷയ് ഖന്നയും അർജുൻ രാംപാലും മാനസികമായി തകർന്നുപോയെന്നാണ് മാധവൻ വെളിപ്പെടുത്തിയത്.

രൺവീർ സിംഗ് നായകനായി എത്തിയ ചിത്രം കേരളത്തിലടക്കം വലിയ ചലനമുണ്ടാക്കുകയും ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് മാധവന്റെ ഈ വെളിപ്പെടുത്തൽ. പ്രമേയത്തിന്റെ തീവ്രതയും കഥാപാത്രങ്ങളുടെ ആഴവുമാണ് പലപ്പോഴും അഭിനേതാക്കളെ ഇത്തരത്തിൽ ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

26/11 മുംബൈ ഭീകരാക്രമണത്തെ പുരാവിഷ്കരിച്ച രം​ഗമായിരുന്നു ഇത്. ഷോട്ട് അവസാനിച്ച ശേഷം അക്ഷയ് ഖന്നയും അർജുൻ രാംപാലും നിയന്ത്രണം വിട്ട് കരഞ്ഞുവെന്നും സെറ്റ് മുഴുവൻ നിശബ്ദമായി പോയെന്നും മാധവൻ പറയുന്നു. തങ്ങൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ​ഗൗരവും എത്രത്തോളമാണെന്ന് മനസിലാക്കിയ നിമിഷമായിരുന്നു അതെന്നും നടൻ പറയുന്നു.

2025 ഡിസംബർ 5ന് റിലീസ് ചെയ്ത ചിത്രമായിരുന്നു ധുരന്ദർ. ആദിത്യ ധർ ആയിരുന്നു സംവിധാനം. രൺവീർ സിംഗ്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് എന്നിവർ അണിനിരന്നിരുന്നു. റിലീസ് ദിവസം മുതലും ഒടിടി റിലീസിന് ശേഷവും വലിയ രീതിയിൽ പോസിറ്റീവ് റിവ്യു ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ധുരന്ദർ. മൂന്നര മണിക്കൂറുള്ള സിനിമ ഒരു തരി ലാഗില്ലാതെ അവതരിപ്പിച്ചിരിക്കുന്നതിനാണ് കയ്യടി ഏറെയും.

വൻ പോസിറ്റീവ് ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ 1300 കോടിയിലധികം നേടി. അത്തരത്തിലൊരു സിനിമയുടെ രണ്ടാം ഭാ​ഗത്തിനായുള്ള പ്രേക്ഷക പ്രതീക്ഷ വാനോളമായിരിക്കും. ടീസർ ഇറങ്ങിയപ്പോൾ ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നുതന്നെ അത് വ്യക്തവുമാണ്. ഹിന്ദിയിൽ മാത്രം റിലീസ് ചെയ്ത ആദ്യ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായി, ധുരന്ധർ 2 മാർച്ച് 19 ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ തിയേറ്ററുകളിൽ എത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/343474/actors-burst-into-tears-on-the-sets-of-dhurandar-madhavan-says-akshaye-khanna-and-arjun-rampal-broke-down-during-the-shooting)