കൽപറ്റ: (https://truevisionnews.com/) മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ പുനരധിവാസ ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി 178 വീടുകൾ കൈമാറുന്നതിനുള്ള നടപടികൾക്ക് നറുക്കെടുപ്പിലൂടെ തുടക്കമായി. വീട് ലഭിച്ച ദുരന്തബാധിതരുടെ വികാരനിർഭരമായ പ്രതികരണങ്ങൾ കേരളത്തിന്റെ കണ്ണ് നനയിക്കുന്ന കാഴ്ചയായിരുന്നു..
പുനരധിവാസത്തിനായി സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് എഴുത്തുകാരി കെ ആർ മീര രംഗത്തുവന്നിരിക്കുകയാണ്. ചൂരൽമലയിൽ വീട് ലഭിച്ചവരുടെ ആനന്ദ കണ്ണീര് തെരഞ്ഞെടുപ്പ് വിജയത്തേക്കാൾ ഏറെ പ്രധാനപ്പെട്ടതാണെന്നാണ് കെ ആർ മീര പറഞ്ഞത്. ഇടതുപക്ഷം ആ ആനന്ദക്കണ്ണീരിന് ഒപ്പം നിൽക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
'ചൂരൽമലയിൽ വീട് ലഭിച്ച വീട്ടമ്മയുടെ ആനന്ദ കണ്ണീരിനാണ് തെരഞ്ഞെടുപ്പ് വിജയത്തേക്കാൾ പ്രാധാന്യം. ആ കണ്ണീരിന് ഒപ്പം നിൽക്കാൻ കഴിയുക എന്നതാണ് ഇടതുപക്ഷത്തിന് ചെയ്യാനുള്ളത്. അതിലുള്ള സന്തോഷം ഞാൻ പ്രകടിപ്പിക്കുന്നു,' കെ ആർ മീര പറഞ്ഞു. അന്താരാഷ്ട്ര പഠന കോൺഗ്രസിലാണ് മീരയുടെ പരാമർശം. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പിണറായി വിജയനല്ലാതെ മറ്റൊരു മുഖ്യമന്ത്രിയും ആകുലത പ്രകടിപ്പിച്ചതായി കണ്ടിട്ടില്ലെന്നും മീര കൂട്ടിച്ചേർത്തു.
വീടും ഏഴ് സെന്റ് സ്ഥലവുമാണ് ടൗൺഷിപ്പിൽ ദുരന്തബാധിതർക്ക് ലഭിക്കുക. കൈമാറിയ വീടുകൾക്കുള്ള പട്ടയവും വൈദ്യുതി കണക്ഷനുമെല്ലാം പരിപാടിയിൽ വെച്ച് തന്നെ നൽകി. അതിനുള്ള പ്രത്യേക കൗണ്ടറുകളും ചടങ്ങിൽ ഒരുക്കിയിരുന്നു. വീട് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാത്തരം ഫീസുകളും ഒഴിവാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിലെ വീടുകളുടെ താക്കോൽദാനം ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന് മന്ത്രി ഒ ആർ കേളു അറിയിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ദുരന്തത്തിൽ പൂർണ്ണമായി നഷ്ടം സംഭവിച്ച കടകൾക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
'The tears of joy of a housewife who got a house in Chooralmala are more important than election victory': KR Meera
































