---
title: "'ആഡംബരമില്ല, ഒപ്പം അൻപോടെ മാത്രം..;' വൈറലായി റാപ്പർ വേടന്റെ വിവാഹ ക്ഷണക്കത്ത്"
english_title: "'No pomp, just love and affection..' Rapper Vedan's wedding invitation goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343328/no-pomp-just-love-and-affection-rapper-vedans-wedding-invitation-goes-viral"
published_at: "2026-02-21T13:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999614beb1d3_Rapper_Vedans_wedding_invitation_goes_viral.jpg"
keywords: []
---

# 'ആഡംബരമില്ല, ഒപ്പം അൻപോടെ മാത്രം..;' വൈറലായി റാപ്പർ വേടന്റെ വിവാഹ ക്ഷണക്കത്ത്

> **Lead Summary:** മലയാളത്തിലെ പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനാകുന്നു. ഫെബ്രുവരി 24-നാണ് വേടനും എഴുത്തുകാരിയായ നവമിയും തമ്മിലുള്ള വിവാഹം. ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കി രജിസ്റ്റർ മാര്യേജ് ആയിട്ടായിരിക്കും വിവാഹമെന്ന് താരം അറിയിച്ചു. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ വാർത്ത ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

## Article Content

മലയാളത്തിലെ പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനാകുന്നു. ഫെബ്രുവരി 24-നാണ് വേടനും എഴുത്തുകാരിയായ നവമിയും തമ്മിലുള്ള വിവാഹം. ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കി രജിസ്റ്റർ മാര്യേജ് ആയിട്ടായിരിക്കും വിവാഹമെന്ന് താരം അറിയിച്ചു. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ വാർത്ത ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് ഇവരെ വിവാഹത്തിനായി അണിയിച്ചൊരുക്കുന്നത്. രഞ്ജു തന്നെയാണ് ഈ സന്തോഷവാർത്തയും വേറിട്ട വിവാഹ ക്ഷണക്കത്തും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 'ഇന്ത്യൻ ഭരണഘടന സാക്ഷിയായി വിവാഹിതരാകുന്നു' എന്നാണ് ക്ഷണക്കത്തിലെ വാചകം. നവമിക്ക് വേണ്ടി വേടൻ തയ്യാറാക്കിയ 'മോണലോവ' എന്ന ആൽബം നേരത്തെ വലിയ ഹിറ്റായിരുന്നു. തന്റേതായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ വേടൻ വിവാഹത്തിലും ആ വേറിട്ട വഴി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.

സ്നേഹിതരെ,

ഇന്ത്യന്‍ ഭരണഘടന സാക്ഷിയായി ഞങ്ങള്‍ വിവാഹിതരാകുന്നു. എന്നുമെന്ന പോലെ എല്ലാറ്റിനുമെന്ന പോലെ ഞങ്ങളുടെ ഏറ്റവും അടുത്ത മനുഷ്യരായ നിങ്ങള്‍ കൂടെ ഉണ്ടാകണം.

എന്ന്,

അന്‍പോടെ

നവമിയും വേടനും

> വേടനും നവമിക്കും രഞ്ജു ആശംസകൾ അറിയിക്കുകയും ചെയ്യുന്നുണ്ട്. "എന്ത് ലളിതമായിട്ടാണ് ഈ കല്യാണക്കുറി ചെയ്തിരിക്കുന്നത്. ഒട്ടും തന്നെ ആര്‍ഭാടമില്ലാതെ ഒരു കുഞ്ഞ് കല്യാണക്കുറി. ഒട്ടും ആര്‍ഭാടമില്ലാതെ അവര്‍ കല്യാണം കൊണ്ടാടാന്‍ പോവുകയാണ്. എന്നും എന്നും എന്നും ഒത്തിരി സന്തോഷത്തോടെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയട്ടെ", എന്നാണ് രഞ്ജു രഞ്ജിമാർ പറഞ്ഞത്.

തദ്ദേശ സ്വയം ഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരില്‍ സർക്കാരിന്റെ ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് വേടൻ വിവാഹ കാര്യം പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം അറിയിച്ചത്. പിന്നാലെ മറ്റ് വിവരങ്ങൾ വേടൻ അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/343328/no-pomp-just-love-and-affection-rapper-vedans-wedding-invitation-goes-viral)