സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ഫാമിലി വ്ലോഗർ അനാമിക വിഷ്ണു കേരള സർക്കാരിന്റെ പുതിയ പദ്ധതിയെ പ്രശംസിച്ച് രംഗത്തെത്തി. ഉപയോഗശൂന്യമായ പഴയ കെഎസ്ആർടിസി ബസുകൾ നവീകരിച്ച് വിനോദസഞ്ചാരികൾക്കും സാധാരണക്കാർക്കും താമസിക്കാവുന്ന രീതിയിൽ 'ബസ് റൂമുകളാക്കി' മാറ്റിയ ഗതാഗത വകുപ്പിന്റെ നടപടിയെയാണ് താരം അഭിനന്ദിച്ചത്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മികച്ച സൗകര്യങ്ങൾ ഒരുക്കുന്ന ഈ പദ്ധതി വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അനാമിക അഭിപ്രായപ്പെട്ടു.
തന്റെ ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ള അനാമിക, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളെയും എടുത്തുപറഞ്ഞു. കെഎസ്ആർടിസിയുടെ നഷ്ടം കുറയ്ക്കാനും വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകാനും ഇത്തരം നൂതനമായ ആശയങ്ങൾ സഹായിക്കുമെന്ന് താരം കൂട്ടിച്ചേർത്തു. അനാമികയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിട്ടുണ്ട്.
"വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യം. ഗണേഷ് കുമാർ എന്ന മന്ത്രിയുടെ കരുതൽ. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഇത്രയും നല്ലൊരു സൗകര്യം ഒരുക്കിയതിന് നന്ദി ഗണേഷ് കുമാർ സർ. പത്തനാപുരത്തിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ അഭിമാനം. സാധാരണക്കാരന്റെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കുന്ന ഭരണാധികാരി", എന്ന കുറിപ്പോടെയാണ് അനാമിക വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'ഞങ്ങളിപ്പോൾ മൂന്നാറാണ് ഉള്ളത്. ഉണ്ണിമോളേയും കൊണ്ട് പളനിയിൽ മൊട്ടയടിക്കാൻ പോയതാണ്. ബസിലാണ് യാത്ര. ഞങ്ങൾ വന്നപ്പോഴേക്കും ടിക്കറ്റ് ഫുള്ളായിരുന്നു. നിലവിൽ 10.30ക്കുള്ള ബസാണ് ബുക്ക് ചെയ്തിരിക്കുന്നത്. കുഞ്ഞുങ്ങൾ ഉള്ളതിന്റെ ബുദ്ധിമുട്ടും ഡയപ്പർ മാറിയില്ലെങ്കിൽ അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടും കാര്യങ്ങളുമെല്ലാം അമ്മമാർക്ക് അറിയാം. അതുകൊണ്ട് ഇവിടെ ഒരു ഹോട്ടലിൽ കയറി റേറ്റ് ചോദിച്ചു. മൂന്ന് മൂന്നര മണിക്കൂറത്തേക്ക് അവർ പറഞ്ഞത് 1500 രൂപയാണ്. ഗണേഷ് കുമാർ സാറിനെ ഓർത്ത് അഭിമാനവും സന്തോഷവും തോന്നിയൊരു കാര്യമുണ്ട്. പഴയൊരു കെഎസ്ആർടിസി ബസാണിത്. അവരതൊരു റൂം പോലെ ആക്കിയിട്ടുണ്ട്. എസിയാണ്. വെറും 220 രൂപയ്ക്കാണ് ഞങ്ങൾക്കിത് കിട്ടിയത്. വൈകിട്ട് അഞ്ച് മണിക്ക് എടുത്തു കഴിഞ്ഞാൽ പിറ്റേന്ന് ഒൻപത് മണിവരെ നമുക്കിത് ഉപയോഗിക്കാം. ഇങ്ങനത്തെ ഒരു സൗകര്യം ഗണേഷ് കുമാർ സാർ ചെയ്ത് തന്നിട്ടുണ്ട്. ഒരുപാട് ബഹുമാനം തോന്നുന്നുണ്ട്. ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്. സർക്കാരിനെ സമ്മതിച്ചേ പറ്റൂ. കുട്ടികളെയൊക്കെ കൊണ്ടുവരുമ്പോൾ ചിലപ്പോൾ റൂമൊന്നും എടുക്കാനുള്ള ബഡ്ജറ്റ് ഉണ്ടാകില്ലായിരിക്കും. പക്ഷേ ഇതിൽ എന്തോരം സൗകര്യങ്ങളാണ്. ഡോർമെറ്ററി അല്ലാണ്ട് 1000 രൂപയ്ക്ക് ബസിൽ തന്നെ റൂമും ഉണ്ട്. ഞാനും ചില സമയങ്ങളിൽ സർക്കാരിനെ കുറ്റം പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതൊക്കെ കാണുമ്പോൾ നമ്മുടെ സർക്കാർ എന്തൊക്കെയോ ചെയ്യുന്നുണ്ട്. എന്തൊക്കെയോ അല്ല, നമുക്ക് വേണ്ടിയതൊക്കെ സർക്കാർ ചെയ്യുന്നുണ്ട്. ഗണേഷ് സാറിനെ ഒക്കെ സമ്മതിക്കണം. അവരെയൊക്കെയാണ് മന്ത്രി എന്ന് പറയേണ്ടത്'.
'This is what a minister would say'; Anamika Vishnu is filled with joy after seeing the changes in KSRTC



























