ആലപ്പുഴ: (https://truevisionnews.com/) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വാർത്ത സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. പ്രസ് മീറ്റ് നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാർ, പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ എന്നിവരാണ് വാർത്ത സമ്മേളനം നടത്തിയത്.
വാർത്തസമ്മേളനം നടക്കുന്നതിനിടെ ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരെ പോലിസ് ബലം പ്രയോഗിച്ച് നീക്കുകയാണ്. മെഡിക്കൽ കോളേജിന് പുറത്തും പ്രതിഷേധം നടക്കുകയാണ്.
5 വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിദയാണെന്നുമാണ് കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിൻസിപ്പലും വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ഡോ. ഷാഹിദക്ക് നിലവിൽ എസ്എടി ആശുപത്രിയിലാണ് സർവീസ്.
അതേസമയം വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ സർജറി ഉപകരണം വയറ്റിൽ കുടുങ്ങിയ ഉഷ ജോസഫിന് ഐക്യദാർഢ്യവുമായി കോഴിക്കോട് മെഡിക്കൽ കോളെജിൽനിന്ന് സമാനരീതിയിലുള്ള ചികിത്സാ പിഴവ് നേരിട്ട ഹർഷിന.
കോഴിക്കോട് മെഡിക്കൽ കോളെജിൽ നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയിരുന്നു. ഹർഷിനയ്ക്ക് നീതി ഉറപ്പാക്കിയിരുന്നുവെങ്കിൽ ഇത്തരം പിഴവുകൾ ആവർത്തിക്കില്ലായിരുന്നു എന്ന് ഹർഷിനയ്ക്കായി സമരം ചെയ്യുന്ന സമരസമിതി വ്യക്തമാക്കി.
സമാനരീതിയിലുള്ള ചികിത്സാ പിഴവ് നേരിടേണ്ടിവന്ന ഹർഷിന ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ സമരം ചെയ്യും. സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരത്തിലാണ് ഹർഷിന പങ്കെടുക്കുക. കോഴിക്കോട് മെഡിക്കൽ കോളെജിൽവെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്.
ശസ്ത്രക്രിയയിലൂടെ കത്രിക പിന്നീട് പുറത്തെടുത്തെങ്കിലും അതിന് ശേഷവും ആരോഗ്യപ്രശ്‌നങ്ങൾ ഹർഷിനയെ വേട്ടയാടുന്നുണ്ട്. സർക്കാരിൽനിന്നും നീതി ലഭിച്ചില്ലെന്ന് ഉന്നയിച്ച് ഹർഷിന പലപ്പോഴായി സമരം നടത്തിയിട്ടുണ്ട്. നേരത്തെ 104 ദിവസം തുടർച്ചയായി മെഡിക്കൽ കോളെജിന് മുന്നിൽ ഹർഷിന പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു.
Alappuzha surgery blunder: Youth Congress workers protest




























