പത്തനംതിട്ട: [truevisionnews.com] അവയവദാനത്തിലൂടെ വിസ്മയമായി മാറിയ പത്തനംതിട്ട സ്വദേശി പത്തുമാസം പ്രായമുള്ള ആലിൻ ഷെറിനെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ മുത്തച്ഛൻ റെജി സാമുവേൽ രംഗത്തെത്തി.
മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ വേദനയെ അവഹേളിക്കുന്ന തരത്തിൽ ചിലർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന പ്രചാരണങ്ങൾ ലാഭമുണ്ടാക്കാനുള്ള തരംതാഴ്ന്ന നീക്കമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇത്തരം നെഗറ്റീവ് പ്രചാരണങ്ങളോട് പ്രതികരിക്കാനില്ലെന്നും തങ്ങളുടെ കുടുംബം എന്നും സത്യസന്ധതയോടെ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആലിൻ ഷെറിനോടുള്ള ആദരസൂചകമായി കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.
ആലിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി ഈ സുപ്രധാന തീരുമാനം അറിയിച്ചത്. മരണശേഷവും മറ്റുള്ളവർക്ക് ജീവൻ പകർന്നുനൽകിയ ആലിന്റെ മാതൃക കേരളം എക്കാലവും ഓർക്കുമെന്നും ഈ കേന്ദ്രം സമൂഹത്തിന് വലിയൊരു സന്ദേശമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Grandfather speaks out against cyber attacks on Alin Sherin

































