മലപ്പുറം: ( www.truevisionnews.com ) അർഹരായ എല്ലാ കെഎസ്‌ആർടിസി ജീവനകാർക്കും പ്രമോഷൻ ലഭ്യമാക്കുമെന്നും രണ്ടുദിവസത്തിനകം ഉത്തരവ് നൽകുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഇൗ വർഷം വിവിധ തസ്‌തികകളിൽ നിന്നായി ഒരുപാട് ജീവനക്കാർ വിരമിക്കുന്നുണ്ട്. ഇൗ ഒഴിവുകൾ പരിഗണിച്ചാണ് പ്രമോഷൻ നൽകുന്നത്.
നിലവിലുള്ള ജീവനക്കാരിൽ ഏറെയും ദീർഘനാൾ സർവീസുള്ളവരാണ്. ഇവർക്ക് പ്രമോഷൻ നൽകുന്നതിലൂടെ കെഎസ്‌ആർടിസി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയും.
എടപ്പാളിൽ ആരംഭിക്കുന്ന സ്‌ക്രാപ് കേന്ദ്രം ഗുണകരമാവും. സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് മലനീകരണമില്ലാതെ സ്‌ക്രാപ് ചെയ്യുന്നതാണ് പദ്ധതി. ഇതിലൂടെ പദ്ധതി നയമായി കേന്ദ്രം പ്രഖ്യാപിച്ച 150 കോടി രൂപയോളം സംസ്ഥാന സർക്കാരിന് ലഭ്യമാവും.
നവകേരള സർവേ രാഷ്‌ട്രീയമായി മാത്രം കാണരുത്. ഒരു സർക്കാർ എങ്ങനെ പ്രവർത്തിച്ചു, ഇനി എന്തെല്ലാം ചെയ്യണമെന്ന് പൊതുജനങ്ങളിൽനിന്നറിയാനുള്ള ഒരു പരിപാടിയായിരുന്നു അത്. ന്യൂജനറേഷന്റെ നാളെയുടെ കാഴ്‌ചപ്പാടുകളും കൂടി ഉൾക്കൊണ്ടുള്ള അഭിപ്രായ സ്വരൂപണം കൂടിയായിരുന്ന ആ സർവേ.
എൽഡിഎഫിനൊപ്പം സന്തോഷത്തോടെയാണ് പ്രവർത്തിക്കുന്നത്. മതേതര നിലപാടുള്ള, തൊഴിലാളികളോടും പാവപ്പെട്ടവരോടും ചേർന്നുനിൽക്കുന്ന പാർടിയാണ് കേരള കോൺഗ്രസ് ബി. ഇടതുപക്ഷ സംവിധാനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോവാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്. എല്ലാ പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട്. നല്ലൊരു ഗവൺമെന്റിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീർഥാടകരെ രാത്രി വനമേഖലയിൽ ഇറക്കിവിട്ട സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ ആദ്യഘട്ട നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം യഥാർഥ കുറ്റകാർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
promotion system will implement in ksrtc says minister kb ganeshkumar

































