തിരുവനന്തപുരം:( www.truevisionnews.com ) സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകളുടെ ഫെബ്രുവരി മാസത്തെ വിതരണം ഈ മാസം 25-ന് ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 1,050 കോടി രൂപ സർക്കാർ അനുവദിച്ചു. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതമാണ് ഇത്തവണ ലഭിക്കുക.
26.62 ലക്ഷം പേർക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി ലഭ്യമാകും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ മുഖേന വീട്ടിലെത്തി പെൻഷൻ കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള തുക അതത് ബോർഡുകൾ വഴി വിതരണം ചെയ്യും.
ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 8.46 ലക്ഷം പേരുടെ കേന്ദ്ര വിഹിതമായ 24.21 കോടി രൂപയും വിതരണം വൈകാതിരിക്കാൻ സംസ്ഥാനം മുൻകൂറായി അനുവദിച്ചിട്ടുണ്ട്. ഈ തുക കേന്ദ്രത്തിന്റെ പി.എഫ്.എം.എസ് സംവിധാനം വഴി അക്കൗണ്ടുകളിലെത്തും.
ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ 49,433.83 കോടി രൂപ ക്ഷേമ പെൻഷനായി വിതരണം ചെയ്തതായി മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 9,011 കോടി രൂപയായിരുന്നു വിതരണം ചെയ്തത്.
മുൻപ് 600 രൂപയായിരുന്ന പെൻഷൻ തുക ഘട്ടംഘട്ടമായാണ് ഇടതു സർക്കാർ 2,000 രൂപയായി വർദ്ധിപ്പിച്ചത്. നിലവിൽ കുടിശികയില്ലാതെ പെൻഷൻ വിതരണം ചെയ്യുന്നുണ്ടെന്നും അടുത്ത വർഷത്തേക്കുള്ള തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Welfare pension distribution to start from 25th; Rs 1050 crore allocated, says Finance Minister K.N. Balagopal

































