കോഴിക്കോട്:( www.truevisionnews.com ) താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി യാത്രക്കാരെ മർദിക്കുകയും മൊബൈൽ ഫോൺ കവരുകയും ചെയ്ത കേസിൽ നാല് യുവാക്കളെ കോടതി റിമാൻഡ് ചെയ്തു. കൈതപ്പൊയിൽ സ്വദേശികളായ അജ്മൽ, ഷാജഹാൻ, രണ്ട് ആഷിഖുമാർ എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
യാത്രക്കാരായ സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും ഉടുമുണ്ടഴിക്കുകയും ചെയ്ത പ്രതികൾ യാത്രക്കാരുടെ ഫോണും തട്ടിയെടുത്തു. ചേളന്നൂരിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് ഒരു ഗുഡ്‌സ് വാഹനവുമായി നേരിയ തോതിൽ ഉരസിയിരുന്നു. ഇവർ തമ്മിൽ സംസാരിച്ച് പ്രശ്നം പരിഹരിച്ചെങ്കിലും കാറിലെത്തിയ പ്രതികൾ വിഷയത്തിൽ അനാവശ്യമായി ഇടപെടുകയായിരുന്നു.
ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ പ്രതികൾ, ചുരമിറങ്ങി അടിവാരത്തെത്തിയപ്പോൾ ബസിന് കുറുകെ കാർ വെച്ച് തടഞ്ഞു. തുടർന്ന് ബസിനുള്ളിലേക്ക് അതിക്രമിച്ചു കയറി യാത്രക്കാരെ ക്രൂരമായി മർദിക്കുകയായിരുന്നു. പ്രതികളെ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി.
Tourist bus stopped and attacked in Thamarassery; Four accused remanded
































