തിരുവനന്തപുരം:( www.truevisionnews.com ) സ്ഥാനാർത്ഥിത്വത്തിനായി മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നവർക്ക് കർശന താക്കീതുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കെപിസിസി നേതൃയോഗത്തിലാണ് പാർട്ടിയിലെ സ്ഥാനാർത്ഥി മോഹികൾക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. മാധ്യമങ്ങളിലൂടെ സ്വന്തം പേര് ചർച്ചയാക്കി സീറ്റ് ഉറപ്പിക്കാൻ നോക്കുന്നവരെ പട്ടികയിൽ നിന്നും നേരിട്ട് ഒഴിവാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നവർക്ക് പിന്നീട് യാതൊരു പരിഗണനയും നൽകില്ലെന്നും വേണുഗോപാൽ മുന്നറിയിപ്പ് നൽകി. തോൽക്കുന്നവരെ കോർപ്പറേഷനുകളിൽ പോലും സ്ഥാനങ്ങളിലേക്ക് പരിഗണിക്കില്ല. സ്ഥാനാർത്ഥിത്വത്തിനായി നേതാക്കൾക്കിടയിൽ പിടിവലി ശക്തമായ സാഹചര്യത്തിലാണ് ഹൈക്കമാൻഡിന്റെ ഈ കടുത്ത നിലപാട്.
തന്നെ 'അഭിനവ പട്ടേൽ' ആക്കാൻ ശ്രമിക്കുന്നവരുടെ തല പരിശോധിക്കണമെന്ന മണിശങ്കർ അയ്യരുടെ പരിഹാസത്തിനും വേണുഗോപാൽ മറുപടി നൽകി. "കൂടുതലൊന്നും പറയാനില്ല, രാഹുൽ ഗാന്ധിയുടെ ഗുണ്ടയാണെന്നാണ് കരുതുന്നതെങ്കിൽ അങ്ങനെ തന്നെ കരുതിക്കോളൂ" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസ് ഭരണത്തിൽ എല്ലാവർക്കും അർഹമായ ഇടം ലഭിക്കുമെന്ന് പറഞ്ഞ അദ്ദേഹം, അവസരങ്ങൾ എല്ലാവരിലേക്കും എത്തണമെന്നും വിവിധ വിഭാഗങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. പിആർ ഏജൻസികളെ ഉപയോഗിച്ചാണ് കേരള മുഖ്യമന്ത്രി ഭരണം നടത്തുന്നതെന്നും എന്നാൽ വിലക്കയറ്റം പോലുള്ള ജനകീയ വിഷയങ്ങളാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Those who collude with the media to become candidates will not be considered - K.C. Venugopal
































