പാലക്കാട്: ( www.truevisionnews.com )തമിഴ്നാട്ടിൽ നിന്ന് തണ്ണിമത്തൻ ലോറിക്കടിയിൽ ഒളിപ്പിച്ച് കേരളത്തിലേക്ക് സ്ഫോടകശേഖരം കടത്താൻ ശ്രമിച്ച കേസിൽ ഇടനിലക്കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി പനീർശെൽവത്തെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടിയത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ബുധനാഴ്ച രാത്രി വാളയാർ-വടക്കാഞ്ചേരി ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് വൻ സ്ഫോടകശേഖരം പോലീസ് കണ്ടെത്തിയത്.
മിനി ലോറി ഡ്രൈവർ സെന്തിൽകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇടനിലക്കാരനായ പനീർശെൽവത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് തമിഴ്നാട് തിരുവണ്ണാമലയിൽ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ധർമ്മപുരിയിൽ നിന്ന് സ്ഫോടകവസ്തുക്കൾ വാങ്ങാൻ സഹായിച്ചത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. തൃശൂർ ജില്ലയിലേക്കാണ് ഇവ കൊണ്ടുപോയതെന്നാണ് പ്രാഥമിക സൂചനയെങ്കിലും കൃത്യമായ ലക്ഷ്യസ്ഥാനം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
കേസിൽ ഇന്നലെ അറസ്റ്റിലായ കാർ ഡ്രൈവർ ദുരൈരാജിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
Case of trying to smuggle explosives hidden under watermelon; middleman arrested

































