Feb 9, 2026 02:50 PM

കോഴിക്കോട്: ( www.truevisionnews.com ) ആർജെഡി യോഗത്തിലെ മുന്നണി മാറ്റത്തെ കുറിച്ചുള്ള തർക്കത്തിനിടെ രാജി സന്നദ്ധത അറിയിച്ച് സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ് കുമാർ. യോഗത്തിൽ വിവിധ ജില്ലാ കമ്മിറ്റികൾ മുന്നണി മാറണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് തർക്കം ഉണ്ടായത്. ഐക്യം ഇല്ലാതെ പാർട്ടിയെ മുന്നോട്ട് നയിക്കാൻ ബുദ്ധിമുട്ടാണെന്ന് ശ്രേയാംസ് കുമാർ യോഗത്തെ അറിയിച്ചു. കോഴിക്കോട് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിലാണ് നിർണായക നീക്കം.

ആർജെഡിയിൽ കുറെ നാളുകളായി മുന്നണിമാറ്റ ആവശ്യം പല നേതാക്കളും ഉയർത്തിയിരുന്നു. എന്നാൽ, മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ലെന്ന് ശ്രേയാംസ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കെ.പി. മോഹനൻ, നീലലോഹിതദാസ് അടക്കമുള്ള മറ്റ് നേതാക്കളും മുന്നണി മാറേണ്ട ആവശ്യമില്ലെന്ന് ആർജെഡിയിൽ തന്നെ വ്യക്തമാക്കി.

എന്നാൽ, ഒരു വിഭാഗം അപ്പോഴും മുന്നണി മാറേണ്ട ആവശ്യകതയുണ്ട് എന്നതിൽ ഉറച്ചുനിൽക്കുകയായിരുന്നു. എൽഡിഎഫിൽ നിന്നതുകൊണ്ട് ആർജെഡിക്ക് പ്രത്യേകിച്ച് പരിഗണിനകളൊന്നും ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നണിമാറ്റ ആവശ്യം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടങ്ങളിലും ആർജെഡി മത്സരിച്ചിരുന്നു. എന്നാൽ, വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. അതാത് സീറ്റുകളിൽ സിപിഐഎമ്മിൻ്റെ പ്രാദേശിക നേതൃത്വം ഇടപെടലോ പ്രവർത്തനങ്ങളോ നടത്തിയില്ല, കാലുവാരിതോൽപ്പിച്ചതാണ് എന്ന് തുടങ്ങിയ പരാതികൾ ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചു.

കോഴിക്കോട് കോർപ്പറേഷനിലും സമാനരീതിയിൽ പ്രശ്നങ്ങൾ ഉയർന്നുവന്നിരുന്നു. ഇത് സിപിഐഎം നേതൃത്വത്തെയും മുന്നണിയെയും അറിയിച്ചു. എന്നാൽ, അതിൽ കാര്യമായ നടപടികളോ പരിഹാരമോ ഉണ്ടായില്ല. പിന്നാലെയാണ് മുന്നണിയിൽ നിന്ന് മാറേണ്ടതുണ്ടെന്ന് നേതാക്കൾ ആർജെഡി നേതൃത്വത്തെ അറിയിച്ചത്.



Dispute in RJD over front change MV Shreyamskumar offers to resign

Next TV

Top Stories