പാലക്കാട്: (truevisionnews.com) യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്. രാഹുൽ തന്റെ കുടുംബജീവിതം തകർത്തുവെന്ന് ആരോപിച്ച് യുവാവ് നാട്ടുകൽ പോലീസിൽ പരാതി നൽകി. നേരത്തെ ഇതേ വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നെങ്കിലും ഒരു മാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ പോലീസിനെ സമീപിച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ BNS 84 പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി 18 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഒരാഴ്ച മുൻപാണ് രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഈ കേസിൽ ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ജാമ്യ ഉത്തരവിൽ കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതിയുമായി യുവതിയുടെ ഭർത്താവ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നൽകിയ ഡി.കെ.മുരളിയെ ഹിയറിംഗ് നടത്താൻ നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്സ് കമ്മിറ്റി തീരുമാനമായി.23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാനാണ് മുരളിക്ക് നിർദ്ദേശം. മുരളിയുടെ പരാതിയിൽ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ചു. രാഹുലിന്റെ കേസുകൾ ഉയർത്തി വിഷയം ക്രമപ്രശ്നമായി ഉന്നയിക്കാൻ അവസരം നൽകണമെന്നാണ് ഡി.കെ.മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം. മുരളിക്ക് പിന്നാലെ രാഹുലിനെ കൂടി കേട്ടശേഷമായിരിക്കും കമ്മിറ്റി തീരുമാനം. സാങ്കേതിക നടപടികൾ നീളുന്നതിനാൽ ഈ സമ്മേളനകാലത്ത് അന്തിമനടപടിയുണ്ടാകില്ല. രാഹുലിനെ പുറത്താക്കിയെങ്കിലും എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല എന്നാണ് റിപ്പോർട്ട്.
Legal trouble again less than a week after getting bail; Woman's husband files complaint against Rahul Mangkootatil for destroying family life
































