---
title: "'ആ ചിത്രം എന്റേതല്ല, വ്യാജമാണ്, എല്ലാവരും കരുതിയിരിക്കുക'; വ്യാജ എഐ ചിത്രത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ആർ ജെ ഗദ്ദാഫി"
english_title: "RJ Gaddafi files complaint with Cyber ​​Cell against fake AI image"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340487/rj-gaddafi-files-complaint-with-cyber-cell-against-fake-ai-image"
published_at: "2026-02-06T13:04:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69859aa65abab_A_J_GRAFI.jpg"
keywords: []
---

# 'ആ ചിത്രം എന്റേതല്ല, വ്യാജമാണ്, എല്ലാവരും കരുതിയിരിക്കുക'; വ്യാജ എഐ ചിത്രത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ആർ ജെ ഗദ്ദാഫി

> **Lead Summary:** **[** മലയാളികൾക്ക് ഏറെ സുപരിചിതനായ അവതാരകനും നടനുമാണ് ആർ ജെ ഗദ്ദാഫി. സ്വകാര്യ എഫ്.എം ചാനലിലൂടെ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച അദ്ദേഹം, തന്റെ വേറിട്ട അവതരണ ശൈലിയിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്.

## Article Content

**[** മലയാളികൾക്ക് ഏറെ സുപരിചിതനായ അവതാരകനും നടനുമാണ് ആർ ജെ ഗദ്ദാഫി. സ്വകാര്യ എഫ്.എം ചാനലിലൂടെ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച അദ്ദേഹം, തന്റെ വേറിട്ട അവതരണ ശൈലിയിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്.

റേഡിയോ രംഗത്തെ വിജയത്തിന് ശേഷം ഓൺലൈൻ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അവതാരകനായി എത്തിയ ഗദ്ദാഫി, ചുരുങ്ങിയ കാലം കൊണ്ട് വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കി. സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ച അദ്ദേഹം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. അവതരണത്തിന് പുറമെ മിനിസ്‌ക്രീൻ രംഗത്തും ഗദ്ദാഫി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രമുഖ ചാനലുകളിലെ സീരിയലുകളിലൂടെ അഭിനയരംഗത്തും അദ്ദേഹം സജീവമാണ്.

ഇപ്പോഴിതാ തന്റെ എഐ ചിത്രം ഉപയോഗിച്ചുള്ള വ്യാജപ്രചാരണങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗദ്ദാഫി. ചിത്രത്തിൽ കാണുന്നത് താനല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗദ്ദാഫി പറയുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം. ''ഈ വിഷയത്തിൽ അധികം പ്രതികരിക്കേണ്ട എന്നു വിചാരിച്ചതാണ്. പക്ഷേ, കുറേ ആളുകളിൽ നിന്നും ഒരുപാട് മെസേജുകൾ വരുന്നുണ്ട്. എന്റേതെന്നു പറഞ്ഞുകൊണ്ടുള്ള ഒരു ‌എഐ പിക്ചർ സോഷ്യൽ മീഡിയയിൽ‍ പ്രചരിക്കുന്നുണ്ട്. അത് ഫാബ്രിക്കേറ്റഡ് ആയിട്ടുള്ള ഒരു എഐ ചിത്രമാണ്. അത് ഞാൻ ക്രിയേറ്റ് ചെയ്തതല്ല, മറ്റാരോ ആരുടെയോ പേജിനു വേണ്ടി ക്രിയേറ്റ് ചെയ്ത ഒരു എഐ ചിത്രമാണ് അത്.

ഇത് ഞാനാണ്, എന്റെ ഒറിജിനൽ പിക് ആണ് എന്നൊക്കെ കരുതി ഒരുപാടു പേർ മെസേജ് അയക്കുന്നുണ്ട്, ‍ഞാനറിയാതെ പുറത്തു പോയതാണോ എന്നൊക്കെ ചോദിച്ചുകൊണ്ട്. ഒരിക്കലുമല്ല. ഞാൻ ചെയ്ത ഒരു റീലിൽ നിന്ന് സ്ക്രീൻഷോട്ട് എടുത്ത് ആ സ്ക്രീൻഷോട്ട് വെച്ച് എഐ ചിത്രമാക്കിയാണ് അത് പ്രചരിക്കുന്നത്. അത് ക്രിയേറ്റ് ചെയ്തത് ആരാണോ അയാൾക്കെതിരെ ഞാൻ സൈബർ സെല്ലിൽ പരാതി കൊടുത്തിട്ടുണ്ട്. ക്രിയേറ്റ് ചെയ്തവർക്കെതിരെ മാത്രമല്ല, ഈ ചിത്രം ഷെയർ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ഞാൻ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും. എല്ലാവരും കരുതിയിരിക്കുക'', എന്നാണ് ഗദ്ദാഫി വീഡിയോയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/340487/rj-gaddafi-files-complaint-with-cyber-cell-against-fake-ai-image)