തിരുവനന്തപുരം: (https://truevisionnews.com/) ആധുനിക ലോകത്ത് സാങ്കേതികവിദ്യ ഒഴിവാക്കാനാവില്ല എന്ന യാഥാർഥ്യം നിലനിൽക്കുമ്പോൾ തന്നെ, നമ്മുടെ കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ അഡിക്ഷൻ സംബന്ധിച്ച് അതീവ ഗൗരവകരമായ ഒരു ചർച്ച ആവശ്യപ്പെടുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ലോകത്തെ പല വികസിത രാജ്യങ്ങളും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണ നടപടികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റ് സാക്ഷരതയിലും മൊബൈൽ ഉപയോഗത്തിലും മുൻപന്തിയിലുള്ള കേരളത്തിൽ ഇത്തരം ചർച്ചകൾക്ക് ഏറെ പ്രസക്തിയുണ്ട്- മന്ത്രി പറഞ്ഞു.
കൂട്ടുകാരോടൊപ്പം ഓടിക്കളിച്ചു വളരേണ്ട കുട്ടിക്കാലം ഇന്ന് ചെറിയ മൊബൈൽ സ്ക്രീനുകളിലേക്ക് മാത്രമായി ഒതുങ്ങുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സ്ക്രീനുകൾക്ക് മുൻപിൽ ചിലവിടുന്ന അമിത സമയം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെയും അവരുടെ സാമൂഹിക ഇടപെടലുകളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഡിജിറ്റൽ ലോകത്തിന് അടിമപ്പെടുന്ന ഒരു തലമുറ നമ്മുടെ നാടിന്റെ ഭാവി നിർമ്മിതിക്ക് തന്നെ വലിയ വെല്ലുവിളിയായി മാറുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്റർനെറ്റ് ഉപയോഗം പൂർണ്ണമായും തടയുക എന്നതല്ല സർക്കാർ ലക്ഷ്യമിടുന്നത്, മറിച്ച് അതിന്റെ വിവേകപൂർണ്ണമായ ഉപയോഗം എങ്ങനെ സാധ്യമാക്കാം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇക്കാര്യത്തിൽ ഒരു വലിയ പൊതുജന ചർച്ചയാണ് സർക്കാർ ആഗ്രഹിക്കുന്നത്. കുട്ടികൾക്കായി കർശനമായ ഒരു സോഷ്യൽ മീഡിയ നിയന്ത്രണ നിയമം വേണോ,അതിനുള്ള സാധ്യത ഉണ്ടോ? അതോ രക്ഷിതാക്കളിലും കുട്ടികളിലും വ്യാപകമായ രീതിയിലുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയാണോ വേണ്ടത് എന്ന കാര്യത്തിൽ പൊതുസമൂഹത്തിന് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഭാവി ഉറപ്പുവരുത്താൻ എല്ലാവരുടെയും ക്രിയാത്മകമായ നിർദ്ദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു.
Should there be curbs on children's mobile phone use? Education Department seeks public opinion



























