തിരുവനന്തപുരം: (https://truevisionnews.com/) അടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയായിരിക്കും ജയിലിൽ നിന്നും ഇറങ്ങുന്നത് . ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നിലച്ചിരിക്കയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം പോലും നൽകാതെ പ്രതികൾ ഒന്നൊന്നായി പുറത്തിറങ്ങുകയാണ്. പ്രാഥമിക കുറ്റപത്രം പോലും നൽകാതെ എസ്‌ഐടി അന്വേഷണം നിലച്ച അവസ്ഥയാണ്. ജാമ്യം കിട്ടിയവർ പുറത്തിറങ്ങിയാൽ പിന്നെ തെളിവുകളും ഒന്നും ഉണ്ടാകില്ലല്ലോയെന്നും സതീശൻ പറഞ്ഞു.
അറസ്റ്റിലായ സിപിഐഎം നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി പോലും എടുത്തില്ലന്നും സിപിഐഎമ്മിന് സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്നും പ്രതികളായവർക്കെതിരെ നടപടി എടുക്കാത്തത് ഭയം കൊണ്ടാണെന്നും സതീശൻ ആരോപിച്ചു.
ഏത് കോടതിയാണ് പ്രതിപക്ഷത്തെ വിമർശച്ചതെന്ന് ചോദിച്ച സതീശൻ, കോടതി വിമർശിച്ചത് പ്രത്യേക അന്വേഷണ സംഘത്തെയാണെന്നും വാജി വാഹനം കൈമാറിയത് ശരിയാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു.
പ്രിയങ്ക ഗാന്ധി ചായകുടിക്കാൻ പോയെന്ന എം ബി രാജേഷിന്റെ സഭയിലെ പരാമർശം വില കുറഞ്ഞതാണെന്ന് സതീശൻ വിമർശിച്ചു. വംശഹത്യക്ക് ആഹ്വാനം ചെയ്ത അനുരാഗ് ഠാക്കൂറുമായുള്ള സൗഹൃദത്തിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞ ആളാണ് എം ബി രാജേഷ്.
പ്രിയങ്ക ഗാന്ധിയെയും സോണിയാ ഗാന്ധിയെയും നിരന്തരം അപമാനിക്കുകയാണ്. ബിജെപിയുടെ ഗുഡ് ബുക്കിൽ കയറാനുള്ള ശ്രമമാണിതെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങുന്നതും ബാനർ പിടിക്കുന്നതും ആദ്യമായിട്ടാണോയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, പിണറായി വിജയൻ ഇരിക്കുന്ന സീറ്റിനു മുന്നിൽ പ്ലക്കാർഡ് വെച്ചിരിക്കുന്ന പഴയ ഫോട്ടോകൾ ഉണ്ടെന്നും നിങ്ങൾക്ക് കാണണോ എന്നും ചോദിച്ചു.
പബ്ലിസിറ്റിക്ക് വേണ്ടിയാണെങ്കിൽ ഹൈക്കോടതിയുടെ മുന്നിൽ മൈക്ക് കെട്ടിവച്ച് പ്രസംഗിച്ചാൽ പോരെ. ലാവ്‌ലിന്‍ കേസ് സിബിഐക്ക് വിട്ട ജഡ്ജിയെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയത് ഇപ്പോഴത്തെ നിയമ മന്ത്രിയായ പി രാജീവാണെന്നും സതീശൻ പറഞ്ഞു.
Sabarimala gold heist: Investigation by the investigation team is stalled, VDSatheesan



























