തിരുവനന്തപുരം: ( www.truevisionnews.com ) രാഷ്ട്രീയ കേസുകളിലെ കുറ്റവാളികൾക്ക് പരോൾ അനുവദിക്കുന്നത് നിയമസഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതെ സ്പീക്കർ. കെ.കെ. രമ സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസ് തള്ളി. ടിപി കേസും പയ്യന്നൂർ ബോംബേറ് കേസും ഉന്നയിച്ചാണ് രമ നോട്ടീസ് നൽകിയത്.
നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം ബഹളം വെച്ചു. ഗൗരവതരമായ വിഷയമാണ് ഉന്നയിച്ചതെന്ന് വി.ഡി. സതീശൻ പറഞ്ഞു. അതേ സമയം സംസ്ഥാന ബജറ്റിൻമേലുള്ള നിയമസഭയിലെ ചർച്ച ഉടൻ ആരംഭിക്കും.
പയ്യന്നൂർ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയം തള്ളിയതിലെ പ്രതിപക്ഷ പ്രതിഷേധം ‘പ്രീ പ്ലാൻഡ്’ എന്ന് മന്ത്രി എംബി രാജേഷ്. പരോൾ തടവുകാർക്ക് അനുവദിക്കുന്നതാണ്. ജനുവരി എട്ടിനാണ് അവസാനം പരോൾ അനുവദിച്ചത്. അതിനുശേഷം സഭ നാലോ അഞ്ചോ തവണ ചേർന്നു.
അടിയന്തര പ്രാധാന്യമുള്ള വിഷയമായിരുന്നെങ്കിൽ അന്നൊന്നും എന്തുകൊണ്ട് നോട്ടീസ് നൽകിയില്ല എന്ന് മന്ത്രി എംബി രാജേഷ് ചോദിച്ചു. ഇപ്പോൾ വിഷയ ദാരിദ്ര്യമാണെന്നും അതുകൊണ്ടാണ് ഇപ്പോൾ നോട്ടീസ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സബ്മിഷൻ ആയി പ്രതിപക്ഷം ഉന്നയിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല. പ്രതിപക്ഷ നേതാവിന് തന്നെ അറിയാം വിഷയം ചർച്ചയ്ക്ക് എടുക്കാൻ സാധിക്കില്ല എന്നത്.
അതുകൊണ്ടാണ് ചർച്ചയ്ക്കെടുക്കില്ല എന്ന തരത്തിലെ പ്ലക്കാർഡുകൾ പ്രതിപക്ഷം സഭയിൽ ഉയർത്തിയത്. എങ്ങനെയാണ് അടിയന്തര പ്രമേയം പരിഗണിക്കില്ല എന്ന് മുൻകൂട്ടി അറിഞ്ഞ് പ്രതിഷേധ പ്ലക്കാർഡുകൾ പ്രതിപക്ഷം കൊണ്ടുവരുന്നതെന്നും മന്ത്രി ചോദിച്ചു. ഇന്നലെ തന്നെ തയ്യാറാക്കിയ ബാനറുമായാണ് പ്രതിപക്ഷം വന്നതെന്നും അദ്ദേഹം ആരോപിച്ചു.
മടിയിൽ സ്വർണ്ണത്തിൻറെ ഭാരം ഉള്ളതുകൊണ്ടായിരുന്നോ നിങ്ങൾ സഭയിൽ നിന്നും ഇറങ്ങി ഓടിയതെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന വലിയ ചർച്ചയായി നിൽക്കുന്ന സമയമാണ്. അപ്പോഴാണ് ബിജെപിയെ സഹായിക്കുന്ന തരത്തിലെ നിലപാട് സഭയ്ക്കുള്ളിൽ പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
KK Rama urgent motion notice rejected Opposition ruckus in the assembly budget debate




























