കണ്ണൂര്‍: ( www.truevisionnews.com ) കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ റോയി ബംഗളൂരുവില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. റെയ്ഡിന്‍റെ മറവില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പീഡനമാണെന്ന് റോയിയുടെ മരണത്തില്‍ കലാശിച്ചതെന്ന് കുടുംബം ആരോപിച്ചിട്ടുണ്ട്. ബംഗളൂരുവിൽ റെയ്‌ഡ് നടക്കുന്നതിനിടയിൽ എന്താണ് നടന്നത് എന്ന് നമുക്കറിയില്ല.
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യവസായിയാണ് റോയ്. മരണശേഷവും ഒന്നരമണിക്കൂർ റെയ്‌ഡ് തുടർന്നു എന്നാണ് പറയുന്നത്. മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ കുറിച്ചു നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിഷയം ഗൗരകരമായി പരിശോധിക്കണം എന്നും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.
അദ്ദേഹത്തിന്റെ മരണം ദൗര്‍ഭാഗ്യകരമാണ്. പരിഹരിക്കാന്‍ കഴിയാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ റെയ്ഡിന് ശേഷവും അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. എന്നിട്ടു റോയി സ്വയം വെടിവെച്ചു മരിച്ചു. ഇതിനുള്ള കാരണം കണ്ടെത്തണം. രാജ്യത്തെ വ്യവസായികളോടും മറ്റുള്ളവരോടും കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥന്‍മാര്‍ ഇത്തരത്തിലുള്ള സമീപനം തന്നെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ റിയൽഎസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്‍റ് ഗ്രൂപ്പിന്റെ ഉടമ സി.ജെ. റോയ് (57) ഇന്നലെയാണ് മരിച്ചത്. മൂന്നു ദിവസമായി റോയിയുടെ ബംഗളൂരുവിലെ ഓഫിസിലും കഫെയിലും ആദായനികുതി (ഐ.ടി) ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഐ.ടി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് റോയ് ഓഫിസിലെത്തിയത്.
ഒന്നര മണിക്കൂറോളം ഐ.ടി ഉദ്യോഗസ്ഥർ റോയിയെ ചോദ്യം ചെയ്തതിനു പിന്നാലെ റോയി കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ എച്ച്.എസ്.ആർ ലേ ഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2.45ഓടെ മരണം സ്ഥിരീകരിച്ചു. ഭാര്യ: ലിനി റോയ് (കോൺഫിഡന്‍റ് ഗ്രൂപ്പ് ഡയറക്ടര്‍). മക്കള്‍: രോഹിത്ത്, റിയ. സഹോദരങ്ങള്‍: സി.ജെ. ജോഷി, സി.ജെ. സാബു (വൈറ്റ് ഗോള്‍ഡ് ഗ്രൂപ്പ് എം.ഡി).
ബംഗളൂരു അശോക് നഗറിലെ ഹൊസൂർ റോഡിലെ ഓഫിസിലാണ് സംഭവം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സംഭവ സ്ഥലത്തെത്തി. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഐ.ടി റെയ്ഡ് നടന്നത് എന്നാണ് സൂചന. റോയ് ചിരിയങ്കണ്ടത്ത് ജോസഫ് എന്ന സി.ജെ. റോയ് ബംഗളൂരുവിലാണ് ജനിച്ചു വളര്‍ന്നത്.
ഔദ്യോഗിക ജീവിതത്തിന്‍റെ തുടക്കത്തിൽ ആഗോള സാങ്കേതിക രംഗത്തെ പ്രമുഖരായ ഹ്യൂലറ്റ്-പാക്കാർഡിനൊപ്പം റോയ് ജോലിചെയ്തിരുന്നു. 2006ലാണ് കോൺഫിഡന്‍റ് ഗ്രൂപ് സ്ഥാപിക്കുന്നത്. ക്രമേണ കമ്പനി ബംഗളൂരു, കൊച്ചി, മറ്റ് ഇന്ത്യൻ നഗരങ്ങൾ, ദുബൈ എന്നിവിടങ്ങളിൽ പ്രധാന റിയൽ എസ്റ്റേറ്റ് ഡെവലപറായി വളർന്നു. തുടര്‍ന്ന് അദ്ദേഹം തന്‍റെ ബിസിനസ് ശൃംഖല ഹോട്ടലുകൾ, റിസോർട്ടുകൾ, വിദ്യാഭ്യാസം, വിനോദം എന്നിവയിലേക്ക് വ്യാപിപ്പിച്ചു.
റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിങ്ങറിലൂടെയാണ് കോൺഫിഡന്‍റ് ഗ്രൂപ് മലയാളികള്‍ക്ക് സുപരിചിതമാകുന്നത്. കോൺഫിഡന്‍റ് ഗ്രൂപ് ബിഗ് ബോസ് കന്നടയുടെ പതിവ് പ്രധാന സ്പോൺസറായിരുന്നു. അദ്ദേഹത്തിന്‍റെ ഇടപെടലുകളിലൂടെ ബിഗ് ബോസ് മലയാളത്തിലുമെത്തി. സിനിമ നിർമാണരംഗത്തും റോയ് പ്രവർത്തിച്ചിരുന്നു. നാല് സിനിമകൾ സി.ജെ. റോയ് നിർമിച്ചിട്ടുണ്ട്. കാസനോവ, മരക്കാര്‍ എന്നിവ ഇതിൽപെടും.
CJ Roys death was a result of persecution by central agencies a comprehensive investigation is needed MV Govindan




























