തിരുവനന്തപുരം: (https://truevisionnews.com/) കഴക്കൂട്ടത്ത് പൊലീസ് സ്റ്റേഷനുമുന്നിലെ പൊലീസുകാരുടെ പരസ്യമദ്യപാനത്തിൽ കൂട്ട നടപടിയുണ്ടായേക്കും. പൊലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ട വാഹനത്തിൽ പോലീസുകാർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ ആവശ്യപ്പെട്ട പ്രകാരം കഴക്കൂട്ടം എസിപി ചന്ദ്രദാസ് റിപ്പോർട്ട് സമർപ്പിച്ചു. ഒരു ഗ്രേഡ് എസ്ഐയും അഞ്ച് സിപിഒമാരടക്കം ആറ് ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്യുമെന്നാണ് വിവരം.
വാഹനമോടിച്ച ഗ്രേഡ് എസ് ഐ ബിനുവിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുക്കും. സംഭത്തിൽ ഉൾപ്പെട്ട ആറ് പേരിൽ രണ്ട് പേർ മദ്യപിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും ആറുപേർക്കെതിരെയും നടപടി ഉണ്ടാകും.
കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ച് ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് പരസ്യമായി മദ്യപിച്ചത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു മദ്യപാനം.
കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ മകളുടെ വിവാഹ സൽക്കാരത്തിന് മുന്നോടിയായിട്ടായിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവർ മദ്യപിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്.
മദ്യപിച്ച ശേഷം ഇതേ വാഹനത്തിലാണ് ഇവർ വിവാഹ സൽക്കാരത്തിനായി പോയത്. മദ്യപാനത്തിനും വിവാഹസൽക്കാരത്തിനും ശേഷം വീണ്ടും ഇവർ ഡ്യൂട്ടിയിൽ പ്രവേശിച്ചുവെന്ന് വീഡിയോ പകർത്തിയ ദൃക്‌സാക്ഷി പറഞ്ഞു.
Police officers caught drinking alcohol in front of police station; officers may be suspended


































