തിരുവനന്തപുരം: (https://truevisionnews.com/) 150 ഗ്രാം എംഡിഎംഎയുമായി തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് സമീപം രണ്ട് യുവാക്കള്‍ പിടിയിൽ. ആനയ സ്വദേശി നന്ദു, ചെറിയ കൊണ്ണി സ്വദേശി നന്ദഹരി എന്നിവരാണ് ഇന്ന് രാവിലെ പിടിയിലായത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡാണ് അന്താരാഷ്ട്ര വിപണിയിൽ എട്ട് ലക്ഷത്തിലധികം രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടിയത്. ബംഗളൂരുവിലെ ലഹരിക്കടത്ത് സംഘം പറഞ്ഞയാള്‍ക്ക് എംഡിഎംഎ കൈമാറാൻ ഇരു ചക്ര വാഹനത്തിലെത്തി കാത്തുനില്‍ക്കുമ്പോഴാണ് പിടിയിലായത്.
തിരുവനന്തപുരം എക്‌സൈസ് നാർക്കോട്ടിക്സ് ടീമിന്റെയും പേട്ട പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ.
ലഹരിസാധനങ്ങൾ പേട്ട, വഞ്ചിയൂർ ഭാഗം കേന്ദ്രീകരിച്ച് വില്പന നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് വിവരം. എംഡിഎംഎ പാക്കറ്റുകളിലാക്കി യുവാക്കൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വസ്ത്രത്തിലും ഒളിപ്പിച്ചനിലയിലായിരുന്നു. നിര്‍ധന കുടുംബത്തിലെ അംഗങ്ങളായി ഇരുവരെയും ലഹരിക്കടത്ത് സംഘം ക്യാരിയര്‍മാരാക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം.
Youths arrested with 150 grams of MDMA in Thiruvananthapuram


































