തിരുവനന്തപുരം : (https://truevisionnews.com/) തിരുവനന്തപുരം കിളിമാനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി വെള്ളറട സ്വദേശി വിഷ്ണുവിന്റെ സുഹൃത്ത് ആദര്‍ശ് അറസ്റ്റിൽ . അപകടത്തിനു ശേഷം വിഷ്ണുവിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ആദര്‍ശ് ആണെന്ന് കിളിമാനൂര്‍ പൊലീസ് വ്യക്തമാക്കി. ഒളിവില്‍ കഴിയുന്ന വിഷ്ണുവിനെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ജനുവരി 4ന് വൈകിട്ട് 3.30ന് എംസി റോഡിലെ പാപ്പാലയില്‍ നടന്ന അപകടത്തിലാണ് ബൈക്ക് യാത്രക്കാരായ കൊല്ലം കുമ്മിള്‍ പഞ്ചായത്തിലെ മുക്കുന്നം പുതുക്കോട് രാജേഷ് ഭവനില്‍ എം.രജിത്ത്(41), ഭാര്യ അംബിക (36) എന്നിവര്‍ മരിച്ചത്.
അംബിക 7നും രജിത്ത് 19നും ആണ് മരിച്ചത്. അമിത വേഗതത്തിലെത്തിയ ജീപ്പ് ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടശേഷം നിര്‍ത്താതെ പോയ ജീപ്പ് ഓടിച്ചിരുന്ന വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
രജിത്തിന്റെ മരണത്തിനു ശേഷവും വിഷ്ണുവിനെ പിടികൂടാന്‍ പൊലീസ് തയാറാകാതിരുന്നതോടെ ഒത്തുകളി ആരോപിച്ച് നാാട്ടുകാര്‍ എംസി റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് പഞ്ചായത്തംഗം ഉള്‍പ്പെടെ 59 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ആദ്യം അപകടം എന്ന നിലയില്‍ കേസെടുത്ത കിളിമാനൂര്‍ പൊലീസ് അംബിക മരിച്ചതിനു ശേഷവും വിഷയം ഗൗരവത്തില്‍ എടുത്തില്ലെന്നാണ് ആരോപണം. ജീപ്പ് ഓടിച്ചിരുന്നവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് മൊഴി നല്‍കിയെങ്കിലും പൊലീസ് സംഭവത്തെ വെറും അപകടം എന്ന നിലയില്‍ നിസാരവല്‍ക്കരിക്കുകയാണ് ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
Friend of Vishnu, who died in a car accident in Kilimanoor, arrested


































