തിരുവനന്തപുരം: ( www.truevisionnews.com) കിളിമാനൂരിൽ ഥാർ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിയെ പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം പ്രതിഷേധിച്ച പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള 59 പേർക്കെതിരെ പോലീസ് കേസെടുത്തതോടെ രോഷം ഇരട്ടിച്ചു. അപകടമുണ്ടാക്കിയ വാഹനമോടിച്ചയാൾ ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസിന്റെ വിശദീകരണം.
കഴിഞ്ഞ ഡിസംബർ 3-ന് വൈകുന്നേരം മൂന്നരയോടെ സംസ്ഥാന പാതയിലെ പാപ്പാലയിൽ വെച്ചായിരുന്നു അപകടം. കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിൽ വന്ന ഥാർ ജീപ്പ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അംബിക ഡിസംബർ 7-ന് മരണപ്പെട്ടു. ചികിത്സയിലായിരുന്ന രജിത്ത് കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.
അപകടമുണ്ടായക്കിയാളെ പിടികൂടാത്തതിനെതിരെയായിരുന്നു ഇന്നലെ നാട്ടുകാർ പ്രതിഷേധിച്ചത്. രജിത്തിന്റെയും അംബികയുടെയും മക്കളെയും കൊണ്ടായിരുന്നു കിളിമാനൂർ സ്റ്റേഷനു മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധത്തിന് നേതൃത്വം നൽകിയ പഞ്ചായത്തംഗം സിജിമോൾ, ബ്ലോക്ക് അംഗം ഷെഫിൻ, കെ എസ് യു നേതാവ് ആദേശ് സുധർമൻ, എഐവൈഎഫ് നേതാവ് അനീസ് അടക്കം 9 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. എന്നാൽ, അപകടമുണ്ടാക്കിയ ജീപ്പ് ഓടിച്ചയാളെ ഇനിയും പൊലീസ് പിടികൂടിയിട്ടില്ല. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ അംബികയുടെ ശരീരത്തിലൂടെ ജീപ്പ് കയറി ഇറങ്ങി.അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ജീപ്പ് നാട്ടുകാർ തടഞ്ഞ് വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ പൊലീസിനെ ഏൽപിച്ചു. എന്നാൽ വിഷ്ണുവിനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.
Couple's death; Protest again if the accused is not arrested; Locals against the police


































