കോഴിക്കോട്: ( www.truevisionnews.com) അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം ലഭിക്കാൻ അവസരം ഉണ്ടാകരുതെന്ന് ജീവനൊടുക്കിയ ദീപക്കിൻ്റെ കുടുംബം. ഷിംജിതയെ പുറത്ത് വിടരുത്. തക്കതായ ശിക്ഷ നൽകണം. എന്നാലെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളു എന്നും ദീപക്കിൻ്റെ മതാപിതാക്കൾ പറഞ്ഞു.
നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും ഈ അവസ്ഥ ലോകത്ത് ഒരു മാതാപിതാക്കൾക്കും വരരുതെന്നും അവർ പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് വടകരയിലെ ബന്ധുവീട്ടിൽ നിന്ന് ഷിംജിതയെ പൊലീസ് പിടികൂടിയത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയും നടത്തി. അൽപ്പസമയത്തിനകം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുമെന്നാണ് വിവരം.
നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഷിംജിതക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നാലെ ഷിംജിത കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഷിംജിതക്കെതിരെ കേസെടുത്തിരിക്കുന്നത്. അതിനാൽ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ് അറിയിച്ചിരുന്നു.
ലൈംഗികാതിക്രമം നടന്നെന്ന് ആരോപിക്കുന്ന പയ്യന്നൂരിലെ ബസ് ജീവനക്കാരുടെ മൊഴിയും പൊലീസ് ഉടൻ രേഖപ്പെടുത്തും. ബസിലെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. ജനുവരി 18നാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു ഇത്.
കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നും, ദുരുദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നും കാട്ടി ഷിംജിത വടകര പൊലീസിൽ പരാതി നൽകിയിരുന്നു. ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി ദീപകിനെതിരെ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു.
ഇത് വലിയ രീതിയിൽ പ്രചരിച്ചു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകൾ ഇത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ ദീപക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് കുടുംബവും സുഹൃത്തുക്കളും പറയുന്നത്.
Shimjita should not have a chance to get bail she should be given a suitable punishment Deepak's family reacts to the arrest


































