തിരുവനന്തപുരം: ( www.truevisionnews.com) മലപ്പുറവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ പിന്തുണയുമായി മന്ത്രി വി. ശിവൻകുട്ടി. സജി ചെറിയാൻ പറഞ്ഞത് ശരിയാണെന്നും ന്യൂനപക്ഷ വർഗീയതയാണെങ്കിലും ഭൂരിപക്ഷ വർഗീയതയാണെങ്കിലും അതിനെ എതിർക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ ചെറുക്കപ്പെടേണ്ടതാണ്. സജി ചെറിയാൻ പറഞ്ഞതും അതുതന്നെയാണെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. സജി ചെറിയാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിച്ചാണ് വാർത്തകൾ വന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സജി ചെറിയാന്റെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് സഹപ്രവർത്തകന് പിന്തുണയുമായി ശിവൻകുട്ടി രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സംസ്ഥാന തല ഉദ്ഘാടനം നാളെ നടക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വപ്നം കാണുന്ന ജോലി ലഭിക്കുന്നത് വരെ സാമ്പത്തിക പിന്തുണ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. അർഹരായവർക്ക് 1000 രൂപ വീതം ഒരു വർഷം ലഭിക്കും. 18 മുതൽ 30 വയസ് വരെയുള്ളവരെ പരിഗണിക്കും. 5 ലക്ഷം വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ ഹെൽപ്പ് ലൈൻ നമ്പറുകൾ തയ്യാറാക്കിയിട്ടുണ്ട്. ഓൺലൈനായി പദ്ധതിയിൽ അപേക്ഷിക്കാമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശബരിമല ഇഡി പരിശോധനയുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. ഞങ്ങൾ ആദ്യമേ ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഉപ്പ് തിന്നവർ വെള്ളം കുടിക്കും. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേരളത്തിലെ ഭക്തജനങ്ങൾ ഒരിക്കലും ഇത് ചിന്തിച്ചിരുന്നില്ല. തന്ത്രിയുടെ അറസ്റ്റ് ജനങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണ്. തന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ തന്ത്രിയുടെ വീട്ടിലെത്തിയത് ബിജെപി നേതാക്കളാണ്. ഇതിനുമുമ്പും പല പാർട്ടിയിലുള്ളവർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അന്നൊന്നും അവരുടെ വീട് സന്ദർശിക്കാൻ ഒരു പാർട്ടിക്കാരും പോയിട്ടില്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു.
Saji Cherian is right, minority communalism should also be fought; Minister V. Sivankutty supports


































