കോഴിക്കോട് : ( www.truevisionnews.com ) വടകര നഗരമധ്യത്തിൽ റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. വടകര സഹകരണ ആശുപത്രിക്ക് സമീപം കാടുപിടിച്ചു കിടക്കുന്ന പറമ്പിലാണ് കഞ്ചാവ് തൈ വളരുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
റോഡരികിൽ സംശയാസ്പദമായ രീതിയിൽ ഒരു ചെടി നിൽക്കുന്നത് കണ്ട പരിസരവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വടകര പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഇത് കഞ്ചാവ് ചെടിയാണെന്ന് സ്ഥിരീകരിച്ചു. പോലീസ് ചെടി കസ്റ്റഡിയിലെടുത്തു.
ഇതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന ലഹരി പരിശോധനയിൽ യുവതിയടക്കം നാലുപേര്‍ പിടിയിലായി. കണ്ണൂര്‍ പാപ്പിനിശ്ശേരിയിൽ രാഹസലഹരിയുമായി യുവതി പിടിയിലായി. കല്ല്യാശ്ശേരി സ്വദേശി ഷിൽനയാണ് എക്സ്സൈസിന്‍റെ പിടിയിലായത്.
ഇവരുടെ പക്കൽ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. ആലുവയിൽ 50 ഗ്രാം എംഡിഎംഎയുമായി മൂവാറ്റുപ്പുഴ സ്വദേശി ബിലാൽ അറസ്റ്റിലായി. രാവിലെ പത്തുമണിയോടെ ആലുവ പറവൂർ കവലയിൽ വെച്ച്, രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ലഹരി കണ്ടത്തിയത്.
തിരുവനന്തപുരം പാലോട് ലഹരിമരുന്നുമായി രണ്ട് യുവാക്കൾ റൂറൽ ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായി. കാട്ടാക്കട കിള്ളി സ്വദേശി നസീം, വിഴിഞ്ഞം സ്വദേശിയായ ശരത് വിവേക് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 20 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ബെംഗളൂരുവിൽ നിന്നുമാണ് പ്രതികൾ എംഡിഎംഎ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പെരുമാതുറ, കഠിനംകുളം തുടങ്ങിയ പ്രദേശങ്ങളിൽ ചില്ലറ വില്പനയ്ക്കായിട്ടാണ് പ്രതികൾ ലഹരിമരുന്ന് കൊണ്ടുവന്നത്.
Cannabis plant found in Vadakara, near Vadakara Cooperative Hospital


































