ആലുവ: ( www.truevisionnews.com ) ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട. 50 ഗ്രാം എം.ഡി.എം.എ യുമായി മൂവാറ്റുപുഴ സ്വദേശിയായ 21-കാരനെ പോലീസ് പിടികൂടി. മൂവാറ്റുപുഴ സ്വദേശി ബിലാലാണ് പിടിയിലായത്.
രഹസ്യവിവരത്തെത്തുടർന്ന് ആലുവ പറവൂർ കവലയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന വോൾവോ ബസ്സിലെ യാത്രക്കാരനായിരുന്നു ബിലാൽ. ബാഗിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
അതിനിടെ കണ്ണൂരിലും ലഹരിവേട്ടയിൽ യുവതി പിടിയിലായി. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷിൽനയാണ് (32) അറസ്റ്റിലായത്. 0.459 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്.
ഇതിന് ശേഷവും ലഹരി വിൽപനയിൽ സജീവമായെന്ന് എക്സൈസ് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. പാപ്പിനിശ്ശേരിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനയും ഉപയോഗവും വർധിക്കുന്നതായുള്ള വിവരത്തെത്തുടർന്നാണ് എക്സൈസ് സംഘം പരിശോധന ശക്തമാക്കിയത്.
പിടിയിലായ യുവതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് യുവതി പിടിയിലായത്.
Massive drug bust in Aluva, 50 grams of MDMA, 21-year-old arrested by police


































