കൊച്ചി: (https://truevisionnews.com/) കേരളത്തിന് എയിംസ് (AIIMS) ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് സ്ഥാപിക്കുന്നതിനായി അഞ്ച് ജില്ലകൾ നിർദ്ദേശിക്കാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്.
എന്നാൽ, വികസന കാര്യങ്ങളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയിൽ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ടത് തൃശ്ശൂർ ജില്ലയെ ആയിരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴയിൽ അല്ലെങ്കിൽ തൃശ്ശൂരിന് എയിംസ് നൽകുന്നതാണ് നീതിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ എയിംസ് വരുന്നത് ചിലരെയെങ്കിലും ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എവിടെ സ്ഥാപിച്ചാലും സംസ്ഥാനത്തിന് അർഹമായ ഈ വലിയ മെഡിക്കൽ കേന്ദ്രം ലഭിക്കുമെന്നത് ഉറപ്പാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും പ്രഖ്യാപനങ്ങളെയും രൂക്ഷമായി പരിഹസിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇന്നലെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കാലമായപ്പോൾ സുരേഷ് ഗോപി നടത്തുന്ന പ്രസ്താവനകളെയാണ് ഗണേഷ് കുമാർ പരിഹസിച്ചത്. ഓരോ ഘട്ടത്തിലും ഓരോ സ്ഥലത്ത് എയിംസ് വരുമെന്ന് അദ്ദേഹം അവകാശപ്പെടുന്നത്.
ആദ്യം തൃശൂരിൽ വരുമെന്ന് പറഞ്ഞു, പിന്നീട് തന്റെ അമ്മവീടായ ആലപ്പുഴയിൽ വരുമെന്ന് മാറ്റിപ്പറഞ്ഞു, ഇപ്പോൾ തെങ്കാശിയിൽ വന്നാലും മതിയെന്ന നിലപാടിലാണ് സുരേഷ് ഗോപിയെന്നും ഗണേഷ് പരിഹസിച്ചു.
കേരളത്തിൽ ഒളിമ്പിക്സ് നടത്തുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തെയും ഗണേഷ് കുമാർ പരിഹാസരൂപേണയാണ് നേരിട്ടത്. വോട്ടുതട്ടാൻ വേണ്ടി എന്തും പറയുന്ന രീതിയാണ് അദ്ദേഹത്തിന്റേതെന്ന് ഗണേഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നു.
The Centre has given the list of five districts for IIMS to Alappuzha or Thrissur,' Justice said

































