പാറശ്ശാല: (https://truevisionnews.com/) മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിൽ യുവാവ് കുത്തേറ്റ് രക്തം വാർന്ന് മരിച്ചു. വ്‌ളാത്താങ്കര സ്വദേശി കുളത്തൂർ അരുവല്ലൂർ ഊടുപോക്കിരി കുന്നൻവിള വീട്ടിൽ മനോജ് (40) ആണ് മരിച്ചത്. പനകയറ്റ തൊഴിലാളിയായ പ്രതി ശശിധരനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
അരുവല്ലൂരിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന മനോജ് കൈവശമുണ്ടായിരുന്ന കത്തി മോഷ്ടിച്ചുവെന്ന് ആരോപിച്ച് പനകയറ്റ തൊഴിലാളിയായ ശശിധരനുമായി വാക്കേറ്റമുണ്ടാകുകയും ശശിധരന്റെ മുഖത്ത് ഇടിക്കുകയും ചെയ്തു.
പ്രകോപിതനായ ശശിധരൻ തന്റെ പക്കലുണ്ടായിരുന്ന പനചെത്തു കത്തി ഉപയോഗിച്ച് മനോജിനെ ക്രൂരമായി വെട്ടുകയായിരുന്നു. മനോജിന്റെ കൈയ്യിലും കാലിലും ഗുരുതരമായി വെട്ടേറ്റു.
വെട്ടേറ്റ മനോജ് രക്തം വാർന്ന് ഏറെ നേരം റോഡരികിൽ കിടന്നെങ്കിലും പ്രദേശവാസികളാരും സഹായത്തിനായി എത്തിയില്ല. മനോജ് നേരത്തെ തന്നെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പാറശ്ശാല പോലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലും ഇയാളുടെ പേരുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊഴിയൂർ പോലീസ് സ്ഥലത്തെത്തി മനോജിനെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മനോജിന്റെ കത്തി ശശിധരൻ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഇവർ തമ്മിൽ നേരത്തെയും വഴക്കുകൾ പതിവായിരുന്നുവെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ശശിധരനെ കണ്ടെത്താൻ പൊഴിയൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
A young man was stabbed and bled to death in a drunken argument.

































