Jan 12, 2026 04:39 PM

തിരുവല്ല: ( www.truevisionnews.com ) മൂന്നാമത്തെ ബലാത്സം​ഗക്കേസിൽ കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കാതെ കോടതി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് കിട്ടാതെ ജാമ്യം നൽകാനാകില്ലെന്ന് ഹർജി പരി​ഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതി അറിയിച്ചു. മാങ്കൂട്ടത്തിലിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

മാങ്കൂട്ടത്തിലിനെ കസ്റ്റ‍ഡിയിൽ വേണമെന്നുമുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ അപേക്ഷ നാളെ പരി​ഗണിക്കും. കൂടുതൽ തെളിവെടുപ്പിനായി മാങ്കൂട്ടത്തിലിനെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.

ബലാത്സം​ഗം നടന്നുവെന്ന് അതിജീവിത മൊഴിയിൽ പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് മാങ്കൂട്ടത്തിലിനെ തെളിവെടുക്കണം. യുവതിക്കെതിരായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ മാങ്കൂട്ടത്തിൽ മൊബൈൽ ഫോണിൽ പകർത്തിതയതായും സൂചനയുണ്ട്. അതിനാൽ ഈ തെളിവുകളും കണ്ടെടുക്കേണ്ടതുണ്ടെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

അതേസമയം, രാഹുൽ മൂന്നാം പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നു. നീ ചെയ്യുന്നത് ഞാൻ താങ്ങും. ബട്ട് നീ താങ്ങില്ല എന്നാണ് രാഹുൽ അതിജീവതയോട് പറഞ്ഞത്. ആദ്യത്തെ ലൈംഗിക പീഡന പരാതി വന്നതിന് പിന്നാലെ ആയിരുന്നു വിദേശത്തായിരുന്ന 31 വയസുകാരി രാഹുലുമായി ടെലിഗ്രാമിലൂടെ ചാറ്റ് ചെയ്തത്.

തനിക്കെതിരെ നിന്നവർക്കും അവരുടെ കുടുംബത്തിനും എതിരെ അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് അതിജീവിതയോട് രാഹുൽ പറഞ്ഞു. എല്ലാം കഴിഞ്ഞിട്ട് വാ. എന്നിട്ട് നീ നന്നായി ജീവിക്കണം. പേടിപ്പിക്കാനും നോക്കണ്ട. കേസ് കൊടുത്താലും എനിക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. ഞാൻ മാത്രം മോശമാകുന്ന പരിപാടി നടക്കില്ല.

നാട്ടിൽ വന്നാൽ കുറെ ആളുകളുമായി അതിജീവിതയുടെ വീട്ടിലേക്ക് വരുമെന്നും രാഹുലിന്റെ ഭീഷണി സന്ദേശത്തിൽ ഉണ്ട്. മറ്റുള്ളവരുടെ ജീവിതം തകർത്തിട്ട് സൂപ്പർ ഹീറോ ആവേണ്ടെന്ന് യുവതി രാഹുലിനും മറുപടി നൽകുന്നുണ്ട്.

താഴാവുന്നതിന്റെ അത്രയും താഴ്ന്നു. ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ടെന്നും രാഹുലിനോട് യുവതി പറഞ്ഞു. യുവതിയും രാഹുലും തമ്മിലുള്ള ചാറ്റ് ഉൾപ്പെടെ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതിജീവിതയെ ഭീഷണിപ്പെടുത്തിയ തെളിവുകൾ രാഹുലിന്റെ ജാമ്യം തടയുന്നതിന് പ്രധാന തെളിവായി മാറുകയും ചെയ്യും.

അതേസമയം ഉഭയസമത പ്രകാരമുള്ള ലൈംഗിക ബന്ധം എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് രാഹുൽ. അതിജീവിതയുടെ രഹസ്യമൊഴി വീഡിയോ കോൺഫ്രൻസിംഗ് വഴി എടുക്കാനും അന്വേഷണസംഘം നീക്കം ആരംഭിച്ചിട്ടുണ്ട്.

rape case court defers rahul mamkootathils bail plea

Next TV

Top Stories










News Roundup