(https://moviemax.in/)മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി നിഖില വിമൽ മാറിക്കഴിഞ്ഞു. ദിലീപ് ചിത്രം 'ലവ് 24x7'-ലൂടെ കരിയർ ആരംഭിച്ച നിഖില, പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനം കവർന്നു.
'ഞാൻ പ്രകാശൻ', 'അരവിന്ദന്റെ അതിഥികൾ' തുടങ്ങിയ ചിത്രങ്ങൾ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. മാരി സെൽവരാജിന്റെ 'വാഴൈ' എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ തമിഴകത്തും തന്റെ സാന്നിധ്യം നിഖില ഉറപ്പിച്ചു.
തന്റെ രാഷ്ട്രീയമാണ് ആളുകൾക്ക് തന്നോട് ദേഷ്യം വരാൻ കാരണമെന്ന് നിഖില വിമൽ. കമ്യൂണിസത്തോട് തീർച്ചയായും ചായ്‌വുണ്ടെന്നും ആളുകള്‍ ഏറ്റവും കൂടുതല്‍ ചീത്ത വിളിക്കുന്നത് ഇതു കാരണമാണെന്നും നിഖില പറയുന്നു.
തന്റെ ഇഷ്ടത്തിന് കാരണം താൻ ജനിച്ചുവളർന്ന നാടിന്റെ പ്രത്യേകതയും കാരണമായിരിക്കാമെന്നും ചെറുപ്പത്തില്‍ ബാലസംഘത്തില്‍ പ്രവര്‍ത്തിച്ചതുമെല്ലാം ആ ചായ്വിന് കാരണമായിട്ടുണ്ടെന്നും നിഖില വിമൽ പറയുന്നു.
"ഞാന്‍ ഒരു പാര്‍ട്ടിയുടേയും പ്രതിനിധിയല്ല. ഞാന്‍ പറഞ്ഞിട്ടുള്ളത് ഞാന്‍ വോട്ട് ചെയ്യുന്നത് ഇടതുപക്ഷത്തിനായിരിക്കാം എന്നാണ്. അതിനര്‍ത്ഥം ഞാന്‍ ഇടതുപക്ഷത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്ന ആളാണെന്നല്ല.
ഞാനത് ചെയ്യുന്ന ഒരാളാണെങ്കില്‍ അതെടുക്കുന്നതില്‍ തെറ്റില്ല. ഞാന്‍ അത് ചെയ്യുന്ന ഒരാളല്ല. അതേസമയം അത് ചെയ്യുന്ന ഒരുപാട് പേരുണ്ട്. അതിനാല്‍ അതിന്റെ ക്രെഡിറ്റ് എടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല
എന്റെ ഇഷ്ടത്തിനും ചായ്‌വിനും കാരണം എന്റെ നാടിന്റെ പ്രത്യേകത കൊണ്ടായിരിക്കണം. ഞാന്‍ വളര്‍ന്നത് കീഴാറ്റൂരാണ്. അതൊരു ഇടതുപക്ഷ ഗ്രാമമാണ്. സ്വാഭാവികമായും അവിടെ വളര്‍ന്ന ഞാന്‍ കണ്ടിട്ടുള്ളതും സ്വാധീനിക്കപ്പെട്ടതും ഇതിലാണ്. ചെറുപ്പത്തില്‍ ബാലസംഘത്തില്‍ പ്രവര്‍ത്തിച്ചതുമെല്ലാം ആ ചായ്വിന് കാരണമായിട്ടുണ്ട്.
നിങ്ങള്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ആയത്? ബിജെപി ആയത്? എന്നൊക്കെ ചോദിച്ചാല്‍ നിങ്ങള്‍ക്കൊരു ഉത്തരം കാണും. അതുപോലെ എന്റെ ഉത്തരമാണിത്." നിഖില വിമൽ പറയുന്നു.
"പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, 24 മണിക്കൂറും പാര്‍ട്ടിയ്ക്ക് വേണ്ടി ജീവിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെയൊന്നും ക്രെഡിറ്റെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് കമ്യൂണിസത്തോട് ചായവ് തീര്‍ച്ചയായും ഉണ്ട്. എന്ന് കരുതി ആ പ്രാതിനിധ്യം എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ ആളുകള്‍ ഏറ്റവും കൂടുതല്‍ ചീത്ത വിളിക്കുന്നത് ഇതു കാരണമാണ്. ആളുകള്‍ക്ക് എന്നോട് ദേഷ്യം വരാന്‍ കാരണം ഇതുകൊണ്ടാണ്.
നിങ്ങള്‍ ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കരുതി, എനിക്ക് നിങ്ങളോട് ദേഷ്യമില്ലല്ലോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അത് നിങ്ങളുടെ ചോയ്‌സ് ആണെന്ന് ഞാന്‍ മനസിലാക്കുന്നത്." നിഖില വിമൽ കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ പ്രതികരണം.
അതേസമയം നിഖില വിമൽ നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രം 'പെണ്ണ് കേസ്' ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ആദ്യ ഷോയ്ക്ക് ശേഷം ലഭിച്ചുകൊണ്ടിരിക്കുന്നത്.
"There is a tendency towards communism, and that is the reason for people's anger," Nikhila Vimal openly says



































