തിരുവനന്തപുരം: ( www.truevisionnews.com ) ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം അറിയാനാണ് മൊഴി രേഖപ്പെടുത്തുന്നത്. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളെ കൊല്ലം വിജിലൻസ് കോടതി വീണ്ടും കസ്റ്റഡിയിൽ വിട്ടു.
ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസ് നേതാക്കളും ചോദ്യമുനയിലെത്തുകയാണ്. അടൂർ പ്രകാശും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ചിത്രങ്ങളുൾപ്പെടെ പുറത്തുവന്ന സാഹചര്യത്തിലാണ് എസ്ഐടിയുടെ നിർണായക നീക്കം.
കേസിൽ പോറ്റി ഉൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർദ്ധൻ ഭണ്ഡാരി എന്നിവരെയാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.
അതേസമയം സ്വർണക്കൊള്ളയിൽ വിദേശ വ്യവസായിയുടെ ആരോപണം പൂർണമായും നിഷേധിച്ചിരിക്കുകയാണ് ഡി. മണിയും സുഹൃത്തുക്കളും. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ശബരിമലയുമായി ഒരു ഇടപാടും നടത്തിയിട്ടില്ല എന്ന് ഡി. മണിയും സഹായികളായ ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവരും എസ്ഐടിക്ക് മൊഴി നൽകി.
കേരളത്തിൽ ബിസിനസ് സൗഹൃദങ്ങൾ ഇല്ലെന്നും തമിഴ്നാട് കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തിച്ചതെന്നുമാണ് ഇവർ എസ്ഐടിക്ക് നൽകിയ മൊഴി. എന്നാൽ ഡി. മണിയുടെ സാമ്പത്തിക വളർച്ച കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Sabarimala gold loot: Special investigation team to question UDF convener Adoor Prakash


































