മാഹി : ( www.truevisionnews.com )മാഹി പള്ളൂരിൽ വൻ തട്ടിപ്പെന്ന് പരാതി. വയയോധികയുടെ ഒരു കോടിയോളം രൂപ വരുന്ന വീടും 15 കോടിയുടെ സ്വത്തുക്കളും ഭർത്താവിൻ്റെ സഹോദരനും അദ്ദേഹത്തിന്റെ മകനും തട്ടിയെടുത്തതായാണ് പരാതി. മാഹി പളളൂർ മുൻ എം.എൽ എയും മാഹി മുൻസിപ്പൽ മേയറും പുതുച്ചേരി മുൻ ഡെപ്യുട്ടി സ്പീക്കറുമായ എൻ. കെ മിത്രനും മകൻ പരിഷിത്ത് മിത്രനുമാണ് തട്ടിപ്പ് കൊള്ള നടത്തിയത് എന്നാണ് ആരോപണം.
2017 ജൂലായ് ഏഴിന് തന്റെ ഭർത്താവായ എൻ കെ കല്യാണ കൃഷ്‌ണൻ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം വസ്തുവിനും വീടിനും സ്വത്തിനും ദാമ്പത്യത്തിൽ മക്കളൊന്നും ഇല്ലാത്തതിനാൽ ഭാര്യയായ താൻ മാത്രമാണ് ഉടമസ്ഥനെന്ന് മാഹി രജിസ്ട്രാർ ഓഫീസിൽ രേഖയുള്ളതാണ്. ഈ സ്വത്താണ് പല പ്രലോഭനങ്ങളും നടത്തി തട്ടി എടുത്തത് എന്നാണ് മാഹി പള്ളൂർ പാഞ്ചജന്യം വീട്ടിൽ വിജയറാണി യു മാഹി എം എൽ എയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്.
2023 ഡിസംബറിൽ വീടിനും ചുറ്റു മതിലിനും അറ്റകുറ്റ പണികൾ ചെയ്യേണ്ടതായി വന്നു. തുടർന്ന് ആവശ്യമായ സഹായങ്ങൾ ചെയ്ത് തരാമെന്ന് പറഞ്ഞ് ഭർത്താവിന്റെ സഹോദരൻ എൻ കെ മിത്രനും മകൻ പരിഷത്ത് മിത്രനും കൂടെ കൂടി. അറ്റകുറ്റ പണിക്കായി മുനിസിപ്പാലിറ്റിയിൽ നിന്നും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും പെർമിറ്റും അനുവാദവും വാങ്ങേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ശാരീരിക സ്ഥിതിയും പ്രായവും പരിഗണിച്ച് മേല്പറഞ്ഞ കാര്യങ്ങൾക്കായി സഹോദരന്റെ മകന്റെ പേരിൽ അധികാരപത്രം നൽകിയാൽ മതിയെന്നും തുടർന്ന് അറ്റകുറ്റ പണി മകൻ ചെയ്തുകൊള്ളുമെന്നും തന്നെ വിശ്വസിപ്പിച്ചു എന്ന പരാതിയിൽ പറയുന്നു.
ജനുവരി മൂന്നാം തിയതി തന്നെ മാഹി സബ് രജിസ്ട്രാർ ഓഫീസിൽ കൂട്ടിക്കൊണ്ട് പോവുകയും പ്രവർത്തികൾക്ക് വേണ്ടിയുള്ള അധികാരപത്രം എന്ന് പറഞ്ഞ ഒരു ഇംഗ്ലീഷ് രേഖയിൽ ഒപ്പിടിക്കുകയും ചെയ്യുകയായിരുന്നു എന്ന് വിജയറാണി പരാതിയിൽ ആരോപിച്ചു.
എന്നാൽ 2025 ഡിസംബർ 19ന് തന്റെ വീട്ടിൽ നിന്ന് മാറി താമസിക്കണമെന്നും ജനുവരി മൂന്നാം തിയതി സ്വത്തും വീടും മിത്രന് ദാനമായി നൽകിയെന്നുള്ള ഇംഗ്ലീഷ് രേഖയും തന്നെ ഏൽപ്പിക്കുകയാണ് ഉണ്ടായത് എന്ന് പരാതിയിൽ പറയുന്നു. സത്യം അറിയുന്നതിനായി കുടുംബക്കാരെ സമീപിച്ചപ്പോഴാണ് ചതി നടന്നതായി മനസിലാക്കിയത്.
തന്നെ തെറ്റിദ്ധരിപ്പിച്ചും വഞ്ചിച്ചും വീടും വസ്തുവും സ്വത്തും കൈക്കലാക്കുകയാണ് എൻ കെ മിത്രനും അദ്ദേഹത്തിന്റെ മകൻ പരിഷിത്ത് മിത്രനും ചെയ്‌തതെന്നും ഒരിക്കലും സ്വത്തുക്കൾ ദാനമായി നൽകാൻ ആഗ്രഹിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.
ചെന്നൈയിൽ പ്രവർത്തിക്കുന്ന വൻക്വട്ടേഷൻ സംഘത്തിൻ്റെ തലവനും ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നവരുടെ കണ്ണിയാണ് ഇയാളെന്ന് കുടുംബാംഗങ്ങൾ പറയുന്നു. വയോധിക മാഹി പോലീസ് സൂപ്രണ്ട്, റീജിനൽ അഡ്മിനിസ്ട്രറ്റൽ എന്നിവർക്ക് പരാതി നല്കിയതോടെ മിത്രൻ മുങ്ങിയിരിക്കുകയാണ്.
Huge fraud in Mahi pallur Complaint of elderly woman's house and property worth Rs 15 crores being looted head of huge quotation gang absconding


































