(https://moviemax.in/)ഭാവന ഫിലിം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നടി ഭാവന ആദ്യമായി നിർമാണ പങ്കാളിയാകുന്ന ചിത്രമായ ‘അനോമി’ ജനുവരി 30ന് പ്രദർശനത്തിനെത്തും. സാറാ ഫിലിപ്പ് എന്ന കരുത്തുറ്റ കഥാപാത്രമായാണ് ചിത്രത്തിൽ ഭാവന എത്തുന്നത്. സയൻസ് ഫിക്ഷൻ ത്രില്ലറായ ചിത്രത്തിൽ റഹ്മാനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സാറാ ഫിലിപ്പ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന റീൽ പങ്കുവച്ചാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിചിരിക്കുന്നത്. അഴിച്ചിട്ട മുടി വാരിക്കെട്ടി നിശ്ചയദാർഢ്യത്തോടെ നടന്നുവരുന്ന ഭാവനയെ റീലിൽ കാണാം.
ഭാവനയുടെ കരിയറിലെ 23 വർഷങ്ങളെ അടയാളപ്പെടുത്തിക്കൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. ഈ വർഷങ്ങൾക്കിടയിൽ 89 ചിത്രങ്ങളിൽ ഭാവന അഭിനയിച്ചു. ഭാവനയുടെ തൊണ്ണൂറാമത്തെ ചിത്രമാണ് ‘അനോമി. ‘കാലം വാർത്തെടുത്ത തിരിച്ചുവരവ്’ എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവർത്തകർ റീൽ വിഡിയോ പുറത്തുവിട്ടത്.
ഗംഭീര സ്വീകരണമാണ് ഭാവനയുടെ സിനിമയ്ക്കു ലഭിക്കുന്നത്. നിരവധി പേർ ഭാവനയ്ക്ക് ആശംസകളുമായെത്തി. ഭാവനയുടെ പുതിയ ചിത്രത്തിന്റെ റീൽ നിമിഷങ്ങൾക്കകം വൈറലായി.
തെന്നിന്ത്യൻ താരങ്ങളായ സൂര്യയും ജ്യോതികയും ഭാവനയുടെ റീൽ പങ്കുവച്ചു. ‘പുതിയ ഇന്നിങ്സിന് ആശംസകൾ’ എന്നാണ് ഭാവനയ്ക്ക് നന്മകൾ നേർന്ന് സൂര്യ കുറിച്ചത്.
നവാഗതനായ റിയാസ് മാരാത്താണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, ഷെബിൻ ബെൻസൺ, അർജുൻ ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എപികെ സിനിമ എന്നിവരാണ് ഭാവന ഫിലിം പ്രൊഡക്‌ഷൻസിനൊപ്പം സിനിമയുടെ നിര്‍മാണപങ്കാളികള്‍.
സുജിത്ത് സാരംഗ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കിരൺ ദാസാണ്. ദുൽഖർ സൽമാൻ ആണ് അനോമിയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടത്.
'Anomi, 90th film in her career, Bhavana Film Production, Actress Bhavana





























